ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് ഓഫ് ട്രസ്റീസില്‍ നിന്നും വൈസ് ചെയര്‍മാന്‍ പുറത്തായി
Tuesday, April 22, 2014 7:47 AM IST
കുവൈറ്റ്: ഒരു വ്യാഴവട്ടകാലമായി ചോദ്യം ചെയ്യാനാവാത്ത ശക്തിയായിരുന്ന രാജന്‍ ഡാനിയേല്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് ഓഫ് ട്രസ്റീസില്‍ നിന്നും പുറത്തായി.

ഇന്നലെ നടന്ന ബോര്‍ഡ് ഓഫ് ട്രസ്റീസ് വാര്‍ഷിക യോഗത്തില്‍ നടന്ന ആവേശകരമായ തെരഞ്ഞെടുപ്പിലാണ് ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം ചെയര്‍മാന്‍ ഡോ. നമ്പൂതിരിയും നിലവിലെ സ്കൂളിന്റെ വൈസ് ചെയര്‍മാനുമായ രാജന്‍ ഡാനിയേലും പുറത്തായത്. ഇരുവരുടയും തോല്‍വി അപ്രതീക്ഷിതമായിരുന്നു. ബോര്‍ഡ് സെക്രട്ടറി വിജയന്‍ കാരയിലും രാജന്‍ ഡാനിയേലും തമ്മില്‍ നടന്നിരുന്ന ഗ്രൂപ്പ് പോരാട്ടമാണ് രാജന്റെ പുറത്തുപോകലിന് വഴിയൊരുക്കിയതെന്ന് കരുതപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജന്‍ ഡാനിയല്‍ ബോര്‍ഡില്‍ കടന്നു കൂടിയത്. ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസ്വത്തായ സ്കൂള്‍ കഴിഞ്ഞ കുറെ കാലമായി വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന യുണിഫോം വിവാദം കുവൈറ്റിലെ ഇന്ത്യന്‍ പൊതുസമൂഹത്തിന്റെയും രക്ഷിതാക്കളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ജെ.എസ്. ഡാങ്കിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍ ബ്രാഞ്ചില്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് യോഗവും വോട്ടെടുപ്പും നടന്നത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നിവരടക്കം 12 അംഗങ്ങളും രണ്ടു എക്സ് സ്റുഡന്റ് മെമ്പര്‍മാരും (എയ്സസ്) രക്ഷിതാക്കളുടെ അഞ്ച് പ്രതിനിധികളും (നാലു പേരന്റ് അഡ്വൈസറി കൌണ്‍സിലിന്റേയും ഒരോ പ്രതിനിധികളും ബോര്‍ഡ് നോമിനേറ്റ് ചെയ്യുന്ന ഒരു പേരന്റ് അംഗവും) അടങ്ങിയതാണ് ബോര്‍ഡ് ഓഫ് ട്രസ്റീസ്. കൂടാതെ ബോര്‍ഡിന് ഉപദേശം നല്‍കാനെന്ന പേരിലുള്ള അഞ്ചംഗ കൌണ്‍സില്‍ ഓഫ് എല്‍ഡേഴ്സുമുണ്ട്. ഇവര്‍ ബോര്‍ഡിന്റെ ഭാഗമല്ല. ബോര്‍ഡ് അംഗങ്ങളില്‍ രണ്ടു പേര്‍ ഓരോ വര്‍ഷവും ഏപ്രില്‍ 21ന് മുമ്പ് സ്വമേധയാ രാജിവയ്ക്കണമെന്നാണ് ചട്ടം. രാജിവച്ചില്ലെങ്കില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി രണ്ടു പേരെ ഒഴിവാക്കാം.

അശോക് കല്‍റ (ചെയര്‍മാന്‍), രാജന്‍ ദാനിയേല്‍ (വൈസ് ചെയര്‍മാന്‍), വിജയന്‍ കാരയില്‍ (സെക്രട്ടറി), കമലേഷ് കുമാരി (ജോയിന്റ് സെക്രട്ടറി), ദിനേശ് കമ്മത്ത് (ട്രഷറര്‍), ഡോ. എം.ആര്‍. നാരായണ്‍ നമ്പൂരി, സി. സുനില്‍ കുമാര്‍, ബോബി എ. മാത്യു, ഡോ. എസ്. നീലാമണി, ഡോ. സി.ജി. സുരേഷ്, നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, ഷെറിന്‍ തോമസ് മാണി (അംഗങ്ങള്‍), സജി വര്‍ഗീസ്, ബിനോയ് തോമസ് (എയ്സസ് അംഗം), എ.വി. ഷംസുദ്ദീന്‍ (നോമിനേറ്റഡ് പേരന്റ് അംഗം), അജയ് ജോര്‍ജ്, ജോര്‍ജ് മാത്യു, കെ.വി. നിസാര്‍, മാത്യൂസ് സി. ജോണ്‍ (പേരന്റ് അഡ്വൈസറി കൌണ്‍സില്‍ പ്രതിനിധികള്‍) എന്നിവരടങ്ങിയതായിരുന്നു നിലവിലെ ബോര്‍ഡ് ഓഫ് ട്രസ്റീസ്. അടുത്ത മാസം കൂടുന്ന ബോര്‍ഡ് മീറ്റിംഗില്‍ പുതിയ അംഗങ്ങളെ തെരഞ്ഞടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍