ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 26 ന്
Tuesday, April 22, 2014 7:47 AM IST
ഗാര്‍ലന്റ് (ഡാളസ്): ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്റര്‍ 2014 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 26 ന് (ശനി) വൈകുന്നേരം 5.30 ന് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ജോസ് പ്ളാക്കാട്ട് അധ്യക്ഷനായിരിക്കും. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, ഫോമ, ഫൊക്കാന നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിക്കും.

തുടര്‍ന്ന് ദൃശ്യ- അച്ചടി മാധ്യമ രംഗത്തെ നൂതന പ്രവര്‍ത്തനങ്ങളെ കുറിച്ചുളള സിംപോസിയവും ചര്‍ച്ചകളും നടക്കും. ചര്‍ച്ചയില്‍ പ്രബന്ധം അവതരിപ്പിക്കുന്നത് പ്രമുഖ പത്രപ്രവര്‍ത്തകന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുളള ആസിഫ് ഇസ്മായേലാണ്.

സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ബിജിലി ജോര്‍ജ്, ട്രഷറര്‍ ടി.സി. ചാക്കോ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍