കായംകുളം സ്വദേശി ഒഐസിസിയുടെ സഹായത്താല്‍ നാടണഞ്ഞു
Tuesday, April 22, 2014 7:42 AM IST
ജിദ്ദ: ആലപ്പുഴ കായംകുളം അരുവികുറ്റി പഞ്ചായത്തില്‍ സിയാദ് അസീസ് (38) ആറു മാസം മുമ്പാണ് ഹൌസ് ഡ്രൈവര്‍ വീസയില്‍ ജിദ്ദയില്‍ എത്തിയത്. നാട്ടിലെ തന്നെ ആശ്രയിക്കുന്ന മൂന്ന് മക്കളും ഭാര്യയും മാതാവും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചെലവും കൂടാതെ കേള്‍വി ശേഷി ഇല്ലാത്ത രണ്ടു പെണ്‍കുട്ടികളുടെ ചികിത്സാചിലവിനും കൂടി നാട്ടില്‍ നിന്നുള്ള വരുമാനം തികയാതെ വന്നതോടെയാണ് കടല്‍ കടന്നത്.

സ്പോണ്‍സര്‍ ഇഖാമ എടുത്തെങ്കിലും സിയാദിന്റെ പക്കല്‍ ഫോട്ടോ കോപ്പിമാത്രമാണ് നല്‍കിയത്. ജോലി അതിരാവിലെ അഞ്ചിന് തുടങ്ങും. വാഹനം കഴുകല്‍ മുതല്‍ പൂന്തോട്ടം നനയ്ക്കല്‍ വരെ സിയാദിന്റെ ജോലി രാത്രി രണ്ടു വരെ തുടരുമായിരുന്നു. രാവിലെ കഫീലിന്റെ വീട്ടിലുള്ള പലരേയായി പല പ്രാവശ്യം ജോലി സ്ഥലത്തേക്കും വിദ്യാലയത്തിലേക്കും എത്തിക്കേണ്ട ബാധ്യത സിയാദിനായിരുന്നു. വിശ്രമം ഇല്ലാതെ ജോലി ചെയ്യണം. ഒരോരുത്തരേയും തിരിച്ചു കൊണ്ടുവരേണ്ട ചുമതലയും വീട് വൃത്തിയാക്കേണ്ട ചുമതലയും എല്ലാംകൂടി സ്വന്തം വസ്ത്രം അലക്കാനോ, ഭക്ഷണം ഉണ്ടാക്കാനോ പോലും സമയം കിട്ടാറില്ല. വെള്ളിയാഴ്ച പോലും പള്ളിയില്‍ പോയി നിസ്കരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ആഴ്ച്ചയില്‍ അര ദിവസം പോലും അവധിയുണ്ടായിരുന്നില്ല. വല്ലതും ചോദ്യം ചെയ്താല്‍ ഭീഷണിയും മര്‍ദ്ദനവും ആയിരുന്നു ഫലം. ഏകദേശം അന്‍പതിനായിരത്തോളം രൂപ ചെലവഴിച്ചാണ് ജിദ്ദയില്‍എത്തിയത്. നാട്ടില്‍ നിന്നും വീസ കൊടുത്ത ആള്‍ പറഞ്ഞത് ആദ്യത്തെ മൂന്ന് മാസം (1500) ആയിരത്തി അഞ്ഞൂര്‍ റിയാല്‍ വച്ചും അത് കഴിഞ്ഞു പ്രതിമാസം (2000) രണ്ടായിരം റിയാല്‍ ശമ്പളം നല്‍കാം എന്നുമായിരുന്നു വാഗ്ദാനം. പക്ഷെ ഒന്നും എഴുതി വാങ്ങാത്തത് അബദ്ധമായി.

അറിയപ്പെട്ട സൌദി കമ്പനിയുടെ മുതലാളിയുടെ വീട്ടിലേക്കാണ് പരിചയക്കാരന്‍ വീസ സംഘടിപ്പിച്ചു കൊടുത്തത്. വിസ കൊടുത്ത ആള്‍ക്ക് ഈ വീട്ടിനെ പറ്റി അറിയാന്‍ പാടില്ലായിരുന്നു. ഇവിടെ വന്നപ്പോള്‍ മനസിലായി ആരും ഇവിടെ ഒരു വര്‍ഷം തികച്ചു നില്‍ക്കാറില്ല എന്ന്. ജോലിയില്‍ വല്ല കുറ്റങ്ങളോ കുറവുകളോ കണ്ടാല്‍ തെറി അഭിഷേകവും കൈയേറ്റവുമായിരുന്നു പ്രതിഫലം. ശമ്പളം 500 റിയാല്‍ മാത്രമാണ് നല്‍കിയിരുന്നത്. എല്ലാം ശരിയാകുമെന്ന് കരുതി ആറു മാസം പിടിച്ചു നിന്നു. പ്രശ്നം സങ്കീര്‍ണമാകുകയല്ലാതെ അല്പം പോലും ജീവിതത്തിനു മാറ്റം കാണാത്തതിനാല്‍ ജിദ്ദ ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദിക്ക് കായംകുളം ഭാരവാഹി നസീര്‍ എന്നിവര്‍ മുഖേനെ വേണ്ട പരാതികള്‍ ഒഐസിസി കാരുണ്യ വിഭാഗം കോഓര്‍ഡിനേറ്റര്‍ മാമദ് പൊന്നാനി തയാറാക്കുകയും കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ നടത്തുകയും തുടര്‍ന്ന് കിലോ മൂന്നിലെ പോലീസ്സ്റേഷനില്‍ പരാതി സമര്‍പ്പിച്ചു. അവിടെ നിന്നും കേസ് ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ എത്തുകയും. കഴിഞ്ഞ രണ്ടുമാസമായി പല തവണ പ്രസ്തുത കോടതിയിലും പോലീസ് സ്റേഷനിലും കയറി ഇറങ്ങി. തുടര്‍ന്ന് ശുമൈസി തര്‍ഹീല്‍ ഓഫീസിലേക്ക് എക്സിറ്റ് അടിക്കാനുള്ള ഓര്‍ഡര്‍കിട്ടുകയും കഫീല്‍ പാസ്പോര്‍ട്ട് കൊടുക്കാത്തത് കാരണം ഔട്ട് പാസും എടുത്ത് വന്നാല്‍ എക്സിറ്റ് അടിച്ചു കൊടുക്കാമെന്നും അറിയിച്ചു. തുടര്‍ന്ന് ജിദ്ദ കോണ്‍സുലേറ്റില്‍ നിന്നും ഔട്ട്പസ് എടുക്കുകയും ഒഐസിസി പ്രവര്‍ത്തകര്‍ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്തു.

ദൈവത്തിനും പിന്നെ സഹായിച്ച ഒഐസിസി നേതാക്കള്‍ക്ക് സിയാദ് നന്ദി പറഞ്ഞുകൊണ്ട് തര്‍ഹീല്‍ വഴി അല്ലാതെ തന്നെ അദ്ദേഹം നാട്ടില്‍ എത്തി. സഹായിച്ച ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിക്കും വേണ്ട നിര്‍ദേശം നല്‍കിയ മാമദ് പൊന്നാനിക്കും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും കൃതഞത അറിയിച്ചു.

യാത്രാ രേഖകള്‍കൈമാറുന്ന ചടങ്ങില്‍ ശറഫുദ്ദീന്‍ കായംകുളം, സാദിക്ക് കായംകുളം, മാമദ് പൊന്നാനി, ഫസലുള്ള വെള്ളുവംപാലി, ഫിറോസ് കാരക്കുന്ന്, അനീഷ് കരീലകുളങ്ങര, മുഷ്താക്അരൂകുറ്റി, സഹല്‍ കറ്റാനം, ബദരുദ്ദിന്‍ ഗുരുവായൂര്‍ എന്നിവര്‍ സംബന്ധിച്ചു.

സിയാദിന്റെ നാട്ടിലെ നമ്പര്‍ +91 974 474 0030, +91 999 575 1870.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍