ഫിലാഡല്‍ഫിയയില്‍ ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനും ദൈവദശകം ശതാബ്ദി ആഘോഷവും
Monday, April 21, 2014 8:16 AM IST
ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ശ്രീനാരായണീയ സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ ഫിലാഡല്‍ഫിയയിലെ ഹോട്ടലില്‍ ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനും ദൈവദശകം ശതാബ്ദി ആഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ഗുരുദേവന്റെ ജീവിതം, ദര്‍ശനങ്ങള്‍, കൃതികള്‍ എന്നിവയെ സമഗ്രമായി അപഗ്രന്ഥിച്ചുകൊണ്ട് വിദഗ്ധര്‍ നയിക്കുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചാ വേദികള്‍, സെമിനാറുകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പഠന ക്ളാസുകള്‍ എന്നിവയോടൊപ്പം വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഈ സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ് ബോര്‍ഡ് അംഗവും പ്രമുഖ ഗുരുധര്‍മ്മ പ്രചാരകനുമായ സ്വാമി സച്ചിദാനന്ദ, കേരള വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും പ്രശസ്ത വാഗ് മിയും ഗവേഷഷകനുമായ ഡോ. ബി. അശോക് ഐഎഎസ് എന്നിവര്‍ കണ്‍വന്‍ഷനിലെ മുഖ്യാതിഥികളായിരിക്കും. സുപ്രസിദ്ധ പിന്നണിഗായകന്‍ വിധുപ്രതാപും സംഘവും നയിക്കുന്ന ഗാനമേളയും ദീപ്തി വിധു പ്രതാപിന്റെ ഭരതനാട്യവും ഒപ്പം സംഗമത്തില്‍ പങ്കെടുക്കുന്ന കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും സംഗമത്തിനു ചാരുതയേകും.

കാനഡ, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, മേരിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡിസി, ഡെലവെയര്‍, ഷിക്കാഗോ, അറ്റ്ലാന്റ, ഡാളസ്, ഹൂസ്റണ്‍, ബോസ്റണ്‍, ലോസ് ആഞ്ചലസ്, ഫ്ളോറിഡ, നോര്‍ത്ത് കരോലിന, അരിസോണ, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍നിന്നുമായി ഏകദേശം 350ഓളം പ്രതിനിധികള്‍ സംബന്ധിക്കുന്ന സംഗമത്തിന് ആതിഥേയത്വം ഒരുക്കുന്നത് ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷനാണ്.

പ്രമുഖ മാധ്യ പ്രവര്‍ത്തകനും കേരള കൌമുദി സീനിയര്‍ സബ് എഡിറ്ററും ഗ്രന്ഥകാരനും പ്രഭാഷകനുമായ സജീവ് കൃഷ്ണന്‍ എഴുതിയ ഡോ. പല്‍പ്പുവിന്റെ ജീവചരിത്രന്ഥമായ ദൈവത്തിന്റെ പടത്തലവന്‍ അമേരിക്കയിലെ പ്രവാസി മലയാളികള്‍ക്കായി ചടങ്ങില്‍ പ്രകാശനം ചെയ്യും. അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കന്മാരേയും പ്രമുഖരായ ആദ്യകാല പ്രവര്‍ത്തകരേയും സംഗമത്തില്‍ ആദരിക്കും.

സമാപനദിനമായ ഓഗസ്റ് 10ന് (ഞായര്‍) അമേരിക്കയിലെ ആദ്യത്തെ ഗുരുദേവ മന്ദിരമായ ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തിലേക്ക് തീര്‍ഥാടനവും സ്വാമി സച്ചിദാനന്ദയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക ഗുരുപൂജയും സംഗീതാര്‍ച്ചനയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായി വിപുലമായ താമസ സൌകര്യവും കേരളീയ തനിമയിലുള്ള ഭക്ഷണവുമാണ് തയാറാക്കുന്നത്. ഈ മഹത് സംരംഭത്തിന്റെ വിജയകരമായ നടത്തിപ്പിനായി അഡ്വ. കല്ലുവിള വാസുദേവന്‍ (ചെയര്‍മാന്‍) 610 608 4246, പ്രസാദ് കൃഷ്ണന്‍ (സെക്രട്ടറി) 215 971 6810), അനുരാജ് (ട്രഷറര്‍) 610 608 4246, ശ്രീനിവാസന്‍ ശ്രീധരന്‍ (സെക്രട്ടറി) എസ്എന്‍എ ഫിലാഡല്‍ഫിയ 610 574 9004 എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘാടക സമിതിയില്‍ ദേശീയ തലത്തില്‍ അംഗ നിര്‍വാഹക സമിതിയും വൈസ് ചെയര്‍മാന്മാരും റീജിയണല്‍ കോഓര്‍ഡിനേറ്റര്‍മാരും വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചവരുന്നു.

റിപ്പോര്‍ട്ട്: മുരളീ രാജന്‍