നായര്‍ ബനവലന്റ് അസോസിയേഷന്‍ വിഷു ആഘോഷിച്ചു
Monday, April 21, 2014 4:39 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഏപ്രില്‍ 13 ഞായറാഴ്ച ഗ്ളെന്‍ഓക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ആഘോഷച്ചടങ്ങുകള്‍. സുധാകരന്‍ പിള്ളയും ട്രഷറര്‍ രഘുവരന്‍ നായരും പത്നി ശ്രീമതി രാജം നായരും കൂടി ഒരുക്കിയ മനോഹരമായ വിഷുക്കണിയോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. കുന്നപ്പള്ളില്‍ രാജഗോപാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിഷുക്കൈനീട്ടം നല്കി. മലയാളം സ്കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീമതി രുഗ്മിണി നായരുടെയും ബാലകൃഷ്ണന്‍ നായരുടെയും ശിക്ഷണത്തില്‍ അഭ്യസിച്ച പ്രാര്‍ത്ഥനാഗാനം കുട്ടികള്‍ ആലപിച്ചു. ആര്യയും ദിവ്യയും ചേര്‍ന്ന് സംവാദ രൂപത്തില്‍ വിഷുവിന്റെ മാഹാത്മ്യം വര്‍ണ്ണിച്ചത് വളരെ കൌതുകകരമായിരുന്നു. സുജ ജയകൃഷ്ണന്‍ അവതരിപ്പിച്ച മോഹിനിയാട്ടം ശബരിമല അയ്യപ്പനും മാളികപ്പുറത്തമ്മയുമായുള്ള ബന്ധം വിവരിക്കുന്നതായിരുന്നു.

സെക്രട്ടറി കലാ സതീഷ് പ്രസിഡന്റ് വനജ നായരെ സ്വാഗതം ആശംസിക്കുന്നതിന് വേദിയിലേക്ക് ക്ഷണിച്ചു. പ്രസിഡന്റ് വനജ നായര്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും വിഷുവിന്റെ എല്ലാവിധ നന്മകളും നേരുകയും ചെയ്തു. ഈ വര്‍ഷം അസോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ തന്റെ കൂടെ പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളോടും ട്രസ്റീ ബോര്‍ഡ് അംഗങ്ങളോടും പ്രസിഡന്റ് വനജ നായര്‍ നന്ദി അറിയിച്ചു. തുടര്‍ന്ന് ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ വിജയകുമാര്‍ നായര്‍ വിഷുദിനാശംസകളും സമ്പല്‍സമൃദ്ധമായ ഒരു പുതുവര്‍ഷവും നേര്‍ന്നു.

അംഗങ്ങളുടെ വീടുകളില്‍ പാചകം ചെയ്തുകൊണ്ടുവന്ന വിഷു വിഭവങ്ങള്‍ ഫുഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ നായരുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ വിഷു സദ്യ വിളമ്പി.

ഉച്ചയ്ക്ക് 2 മണിക്ക് തന്നെ പരിപാടിയുടെ രണ്ടാം ഭാഗം ആരംഭിച്ചു. സെക്രട്ടറി കലാ സതീഷ് മുഖ്യാതിഥിയെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ജയപ്രകാശ് നായരെ വേദിയിലേക്ക് ക്ഷണിച്ചു. ജയപ്രകാശ് നായര്‍ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. ഒരു സാഹിത്യകാരനും അധ്യാപകനുമായ എ വി സന്തോഷ് കുമാര്‍ പ്രൌഡോജ്വലമായ ഒരു പ്രസംഗത്തിലൂടെ ഏവര്‍ക്കും വിഷു ആശംസിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകനും ഫ്രീലാന്‍സ് ജേര്‍ണലിസ്റുമായ മൊയ്തീന്‍ പുത്തന്‍ചിറയുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.

നായര്‍ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനത്ത് ഈയിടെ പുനരുദ്ധാരണം നടത്തിയ ക്ഷേത്ര മാതൃകയുടെ ശില്പിയായ ശ്രീ സുധാകരന്‍ പിള്ളയെ മുഖ്യാതിഥി ഫലകം നല്‍കി ആദരിച്ചു. പ്രസിഡന്റ് വനജ നായര്‍ സുധാകരന്‍ പിള്ള ചെയ്തുതന്ന ഉപകാരങ്ങള്‍ക്ക് നന്ദി പറഞ്ഞു.

അതിനു ശേഷം ശോഭാ കറുവക്കാട്ട് എംസിയായി പ്രവര്‍ത്തിച്ചു. വിവിധ നൃത്തനൃത്യങ്ങളും ഗാനങ്ങളും കോര്‍ത്തിണക്കിയ മൂന്നു മണിക്കൂര്‍ നേരം കാണികള്‍ക്ക് കണ്ണിനു വിരുന്നു നല്കി. നൂപുര ആര്‍ട്സിലെ കുട്ടികളുടെ പ്രത്യേക നൃത്തങ്ങളും ഉണ്ടായിരുന്നു.

അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന വര്‍ഷത്തില്‍ നടന്ന പരിപാടികളില്‍ നിന്ന് പകര്‍ത്തിയ ഏടുകള്‍ സ്ളൈഡ് ഷോയിലൂടെ പ്രദര്‍ശിപ്പിച്ചത് ഏവര്‍ക്കും ഇഷ്ടപ്പെട്ടു. സ്ളൈഡ് ഷോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ജോയിന്റ് സെക്രട്ടറി പ്രദീപ് മേനോന്‍ ആയിരുന്നു. പ്രദീപ് മേനോന്റെ കൃതജ്ഞതാ പ്രസംഗത്തോടെ ചടങ്ങുകള്‍ക്ക് തിരശ്ശീല വീണു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍