വിദേശികള്‍ക്ക് ഇരുട്ടടിയായി എണ്ണയുടെ സബ്സിഡി നിര്‍ത്തലാക്കുവാന്‍ ശിപാര്‍ശ
Sunday, April 20, 2014 7:48 AM IST
കുവൈറ്റ് : വിദേശികള്‍ക്ക് ഇരുട്ടടിയായി എണ്ണയുടെ സബ്സിഡി നിര്‍ത്തലാക്കുവാന്‍ കുവൈറ്റ് ഒരുങ്ങുന്നു. സബ്സിഡികളിലൂടെ രാജ്യത്തെ പൌരന്മാര്‍ക്കും വിദേശികള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നനെതിരെ ലോകബാങ്ക് കുവൈറ്റിന് അടുത്തിടെയാണ് മുന്നറിയിപ്പ് നല്‍കിയത്.

2025 ആകുന്നതോടുകൂടി ഈ രീതിയില്‍ സബ്സിഡികള്‍ തുടര്‍ന്നാല്‍ രാജ്യത്തിലെ വരുമാനത്തിന്റെ മുഖ്യ പങ്കും സബ്സിഡികള്‍ക്ക് മാറ്റിവയ്ക്കേണ്ടിവരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷത്തില്‍ 1.5 ബില്ല്യണ്‍ കുവൈറ്റി ദിനാറാണ് സര്‍ക്കാര്‍ എണ്ണ സബ്സിഡിയായി നല്‍കുന്നത്. ആദ്യ പടിയായി വിദേശികള്‍ക്കുള്ള എണ്ണ സബ്സിഡി നിര്‍ത്തലാക്കുവാനും പിന്നീട് വൈദ്യുതി, ജല സബ്സിഡി നിര്‍ത്തലാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ശിപാര്‍ശകള്‍ ഉടന്‍ തന്നെ നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ കുറേ കാലങ്ങളായി അലട്ടുന്ന ട്രാഫിക്ക് കുരുക്കിന് ഒരുപരിധി വരെ പുതിയ ശിപാര്‍ശകള്‍ ഗുണം ചെയ്യുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്. സബ്സിഡി എടുത്ത് മാറ്റുന്നതോടെ എണ്ണക്ക് 25 മുതല്‍ 30 ശതമാനംവരെ വില കൂടുമെന്നാണ് കരുതപ്പെടുന്നത്.

തീരുമാനം നടപ്പാക്കുന്നത് വഴി സ്വദേശികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് പുതിയ സ്മാര്‍ട്ട് കാര്‍ഡ് വഴിയോ റേഷന്‍ കാര്‍ഡ് വഴിയോ സബ്സിഡി നിരക്കില്‍ പമ്പുകളില്‍ പെട്രോളും ഡീസലും ലഭ്യമാക്കും. ഒരു മാസത്തേക്ക് 40 മുതല്‍ 70 കുവൈറ്റി ദിനാര്‍ വരെ സ്വദേശികള്‍ക്ക് എണ്ണ കിഴിവായി ലഭിക്കും. വിദേശികള്‍ക്ക് സബ്സിഡി നിര്‍ത്തലാക്കുന്നതിനെതിരെ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ച ചില പാര്‍ലമന്റ് അംഗങ്ങളും തീരുമാനത്തിനു പച്ച ക്കൊടി കാട്ടിയതായാണ് റിപ്പോര്‍ട്ട്. സബ്സിഡി നിര്‍ത്തലാക്കുന്നതോടെ വിദേശികളൂടെ ഉടമസ്ഥതയിലുള്ള രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ എങ്കിലും നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമാകുമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നതിനു പ്രേരകമാകുമെന്നുമാണു അധികൃതര്‍ കണക്കുകൂട്ടല്‍.

അതിനിടെ പാര്‍ലമെന്റിലെ സാമ്പത്തികകാര്യ സമിതി ആധ്യക്ഷന്‍ ഫൈസല്‍ അല്‍ ഷായ് രാജ്യത്തെ നിവാസികള്‍ക്ക് പക്ഷാന്തരങ്ങളില്ലാതെ അവരുടെ വേതന നിരക്കും അലവന്‍സുമെല്ലാം പരിഗണിച്ച് എല്ലാവര്‍ക്കും നീതി ലഭ്യമാകുന്ന രീതിയിലാകണം പുതിയ നിയമം പ്രയോഗത്തില്‍വരുത്തേണ്ടതന്ന് സര്‍ക്കാരിനെ ഉണര്‍ത്തിച്ചു. ദിനംപ്രതി ജീവിതചെലവ് കുത്തനെ കൂടുന്ന വിദേശികളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതായിരിക്കും പുതിയ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍