'അധോലോക നായകര്‍ക്കുള്ള വിളയാട്ടു കേന്ദ്രമല്ല പ്രവാസ ലോകം'
Sunday, April 20, 2014 7:48 AM IST
ജിദ്ദ: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കറവ പശുവായും അധോലോക നായകര്‍ക്കു ഒളി താവളമായും പ്രവാസലോകം ആര്‍ക്കും തീറെഴുതാന്‍ അനുവദിക്കരുതെന്ന് ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ സൌദി ജിദ്ദാ കമ്മിറ്റി അതിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി. സാധാരണക്കാരുടെ ഭരണപങ്കാളിത്തമില്ലാതെ, അധികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും തീറെഴുതി കൊടുക്കാന്‍ അനുവദിച്ചതിന്റെ പരിണിത ഫലമാണ് ഭാരതം ഇന്നനുഭവിക്കുന്ന രാഷ്ട്രീയ മൂല്യച്യുതി. അതിന്റെ മറ പറ്റി നാട്ടില്‍ നിന്ന് വെട്ടി പിടിക്കുന്ന അഴിമതി പണത്തിന്റെ നിക്ഷേപ കേന്ദ്രമായി പ്രവാസ ലോകത്തെ ഉപയോഗപ്പെടുത്താന്‍ ആരും കൂട്ട് നില്‍ക്കരുതെന്നു യോഗം പ്രവാസി സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.

നേതാക്കളുടെ വമ്പന്‍ ബിസിനസ് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ അവര്‍ വരുമ്പോള്‍ നമുക്കായി വച്ചുനീട്ടുന്ന നക്കാ പിച്ചകളില്‍ പ്രവാസികള്‍ വീണു പോകരുതെന്ന് യോഗം പ്രവാസ സമൂഹത്തെ ഓര്‍മപ്പെടുത്തി. ദീര്‍ഘവീക്ഷണമുണ്ടായിരുന്ന പഴയ നേതാക്കള്‍ യുവതലമുറക്ക് കൈമാറിയ പൂര്‍ണ സ്വരാജ് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ നമ്മുടെ നാടിനു വന്നു ചേര്‍ന്ന ഈ അപചയം വീണ്െടടുക്കാനാവൂ. അതിനായി തങ്ങളുടേതായ പങ്കു വഹിക്കാന്‍ പ്രവാസികള്‍ മുന്നോട്ടു വരേണ്ട സമയമിതാണ്.

വെള്ളിയാഴ്ച വൈകീട്ട് ശറഫിയ ശിഫാ ജിദ്ദാ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ജിദ്ദാ ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ അക്ബര്‍ ബാഷ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ബഷീര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്ര സേവനം മുന്‍നിര്‍ത്തി യുവാക്കള്‍ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ ഇനിയും വൈകരുതെന്ന് ജിദ്ദാ അല്‍ നൂര്‍ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ടി.പി. തെല്‍ഹത്ത് പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. രാഷ്ട്രീയ അഴിമതിയും സ്വരാജും എന്ന വിഷയത്തെ ആസ്പദമാക്കി ഉസ്മാന്‍ മാസ്റര്‍ ഒഴുകൂര്‍ ക്ളാസെടുത്തു.

ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ഉബൈദത്തു വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്നു. നവാഗതര്‍ തങ്ങളുടെ മുന്‍കാല പ്രവര്‍ത്തനം വിശദീകരിച്ചു സദസിനു സ്വയം പരിചയപ്പെടുത്തി. യോഗത്തില്‍ എന്‍ജിനിയര്‍ ജഫര്‍ഖാന്‍ സ്വാഗതവും സമീര്‍ ഇല്ലിക്കല്‍ കൂറ്റന്‍ പാറ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍