സോള്‍ ഭക്തിസാന്ദ്രമായി
Sunday, April 20, 2014 7:39 AM IST
ബെല്‍ഫാസ്റ്: നൂറുകണക്കിന് മലയാളികളുടെ തീര്‍ഥാടനത്താല്‍ ഡോണ്‍ പാട്രിക്കിനടുത്തുള്ള സോള്‍ മല ഭക്തിസാന്ദ്രമായി. ജന്മനാട്ടിലെ പീഢാനുഭവ തീര്‍ഥ യാത്രകളെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള സോള്‍മല കയറ്റം പ്രവാസികളായ മലയാളികള്‍ക്ക് നവ്യാനുഭവമായി.

പ്രത്യേകം തയാറാക്കിയ കരുശുകള്‍ വഹിച്ച് യുവജനങ്ങളുടെ പ്രാര്‍ഥനാവിചിന്തനങ്ങളോടെ നടത്തിയ കുരിശിന്റെ വഴി കര്‍ത്താവിന്റെ പീഢാനുഭവ യാത്രയുടെ സ്മരണകള്‍ ഉണര്‍ത്തി.

രാവിലെ 11ഓടെ ആരംഭിച്ച കുരിശിന്റെ വഴിക്കുശേഷം പീഢാനുഭവ ചരിത്രവായനയും ദിവ്യകാരുണ്യ സ്വീകരണവും നടന്നു. തീര്‍ഥാടകര്‍ വളരെ സമയമെടുത്ത് ഗാഗുല്‍ത്താ മലയില്‍നിന്നും എന്ന ഗാനം ആലപിച്ചുകൊണ്ട് നടത്തിയ കുരിശു ചുംബനം വളരെ ഹൃദയ സ്പര്‍ശിയായിരുന്നു.

ഡോണ്‍ ആന്‍ഡ് കോണര്‍ രൂപതയുടെ സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ആന്റണി പെരുമായന്‍ ദുഃഖവെള്ളിയുടെ സന്ദേശം നല്‍കി. റവ. ഫാ. പോള്‍ മോര്‍ഫി തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികത്വം വഹിച്ചു. നോര്‍ത്തേണ്‍ ആയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍നിന്നുവന്ന ഭക്തജനങ്ങള്‍ക്ക് ഡോണ്‍ പാട്രിക്കിലെ മലയാളി കൂടുംബങ്ങള്‍ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.

മലയറക്കത്തെതുടര്‍ന്ന് അടിവാരത്തില്‍ നടത്തിയ നേര്‍ച്ചക്കഞ്ഞി അനുഭവിച്ച എല്ലാവരും പ്രാര്‍ഥനയോടെ പിരിഞ്ഞു.

ദുഃഖവെള്ളിയിലെ തീര്‍ഥാടന യാത്രക്ക് നേതൃത്വം നല്‍കിയവര്‍ക്ക് അയര്‍ലന്‍ഡ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ കൂടിയായ ഫാ. ആന്റണി പെരുമായന്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍