കുഞ്ഞാലി മരയ്ക്കാര്‍ നാടകത്തിന്റെ ഡിവിഡി പ്രകാശനം ചെയ്തു
Sunday, April 20, 2014 7:37 AM IST
റിയാദ്: നാടകം ഡോട്ട് കോം റിയാദ് നാടകവേദി ആന്‍ഡ് ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മലയാള നാടകലോകത്തെ ഇതിഹാസമായ ജയന്‍ തിരുമന രചനയും സംവിധാനവും നിര്‍വഹിച്ച് റിയാദില്‍ അരങ്ങേറിയ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചരിത്ര നാടകത്തിന്റെ ഡിവിഡി ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ചെയര്‍മാന്‍ നിസാര്‍ ജമീലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കര്‍ നാടകത്തിന്റെ ഡിവിഡി കോപ്പി അറ്റ്ലസ് മൊയ്തുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. നാടക സംവിധായകന്‍ ജയന്‍ തിരുമന ടെലഫോണിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടകം ഡോട്ട് കോം നാലാം വാര്‍ഷികാഘോഷങ്ങളുടെ സിഡി റൂക്കീസ് മാര്‍ക്കറ്റിംഗ് മാനേജര്‍ അഷ്റഫ് അലി റിയാദ് വില്ലാസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ രാഗേഷിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. നാടകവേദിയുടെ പ്രത്യേക ഉപഹാരങ്ങള്‍ നാസര്‍ നാഷ്കോ, കളരി അധ്യാപകനായ നിസാര്‍ ഗുരുക്കള്‍ എന്നിവര്‍ക്ക് സുഡാന്‍ പൌരനായ അസദും നാസര്‍ അബൂബക്കറും കൈമാറി.

റിയാദ് വില്ലാസ് എംഡി സൂരജ് പാണയില്‍, സാഫ്രോണ്‍ എംഡി നസീര്‍ പള്ളിവളപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഫ്ഘാന്‍ പൌരനായ മുഹമ്മദ് ഗുല്‍, രാജശ്രീ ബൈജു, ഷീബ രാജു ഫിലിപ്പ്, രേശ്മ ദീപക് എന്നിവര്‍ നാടത്തിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

ചടങ്ങില്‍ പ്രകാശനം ചെയ്ത ഡിവിഡികള്‍ ബത്ഹയിലെ പ്രമുഖ സിഡി കടകളിലും അറബ്സാസ് കാര്‍ഗോ ഓഫീസിലും ലഭ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച ചീഫ് കോഓര്‍ഡിനേറ്റര്‍ ദീപക് കലാനി അറിയിച്ചു. സെക്രട്ടറി പ്രദീപ് കാറളം സ്വാഗതവും ഗഫൂര്‍ സംസം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍