റിഫയുടെ പ്രഥമ പരിസ്ഥിതി പുരസ്കാരം ഹരീഷ് വാസുദേവന്
Saturday, April 19, 2014 8:11 AM IST
റിയാദ്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായ പിന്തുണയും ഊര്‍ജവും നല്‍കി വരുന്ന ഹരീഷ് വാസുദേവന് പ്രഥമ റിഫ പരിസ്ഥിതി പുരസ്കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചതായി റിയാദ് ഇന്ത്യന്‍ ഫ്രന്റ്ഷിപ്പ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

50,001 ഇന്ത്യന്‍ രൂപയും പ്രശ്സ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 25 ന് റിയാദില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്കാരം ഹരീഷ് വാസുദേവന് സമ്മാനിക്കും.

'ഒണ്‍ എര്‍ത്ത് ഒണ്‍ ലൈഫ്' എന്ന പരിസ്ഥിതി സംഘടയുടെ സെക്രട്ടറിയും കേരള ഹൈക്കോടതിയിലേയും ചെന്നൈ ട്രൈബ്യൂണലിലേയും അഭിഭാഷകനുമാണ് ഹരീഷ്. 2007 മുതല്‍ പരിസ്ഥിതി സംരക്ഷണം, ബോധവത്കരണം, ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ കേരളീയ സമൂഹത്തില്‍ ഗുണപരമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയാണ് 'ഒണ്‍ എര്‍ത്ത് ഒണ്‍ ലൈഫ്'. സംഘടനയുടെ സെക്രട്ടറി എന്ന നിലയില്‍ പരിസ്ഥിതി വിഷയങ്ങളില്‍ നേരിട്ടിടപെടുന്നതോടൊപ്പം ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ പരിസ്ഥിത വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നിരന്തരം ശ്രമിച്ചു വരുന്നു.

25 ന് റിയാദില്‍ നടക്കുന്ന പരിസ്ഥിതി സെമിനാറിനും പുരസ്കാരദാന ചടങ്ങിനുമൊപ്പം റിഫ നടത്തുന്ന പരിസ്ഥിതി ചിത്ര പ്രദര്‍ശനത്തിന് കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും ചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 22 വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ നിബു വര്‍ഗീസുമായി 0552486169 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍