ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ച ഓഡ്രിക്കിന്റെ സംസ്കാരം നടത്തി
Saturday, April 19, 2014 4:36 AM IST
സിഡ്നി: വെസ്റ്മെഡില്‍ ഏപ്രില്‍ 15 നുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഓഡ്രിക്കിന്റെ സംസ്കാരം ദുഖസാന്ദ്രമായ അന്തരീക്ഷത്തില്‍ നിരവധി മലയാളികളട്ക്കമുള്ളവരുടെ സാന്നിധ്യത്തില്‍ നടത്തി.

എട്ടു മാസങ്ങള്‍ക്കു മുമ്പ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ തോമസ് കൊമ്പന്റെയും ഡാല തോമസിന്റെയും രണ്ടാമത്തെ മകന്‍ വെസ്റ് മീഡ് പബ്ളിക് സ്കൂളിലെ കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ഥി ഓഡ്രിക് (4) ആണ് അമ്മയുടെ കൈപിടിച്ച് വെസ്റ് മീഡ് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ ആരാധനയ്ക്കുശേഷം ചേട്ടനുമൊത്ത് വീട്ടിലേയ്ക്ക് മടങ്ങവേ കാറിനടിയില്‍പ്പെട്ട് മരിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ഡാലി നിസാര പരിക്കുകളോടെ രക്ഷപെട്ടു. മൂത്ത കുട്ടി ഓസ്റിന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃശൂരിലെ പാലുവായ് സ്വദേശിയാണ് തോമസ്. ഓസ്ട്രേലിയയിലേക്ക് കുടിയേറുംമുന്‍പ് കോയമ്പത്തൂരിലായിരുന്നു തോമസും കുടുംബവും.

ഓസ്ട്രേലിയയില്‍ ബന്ധുക്കളാരും ഇല്ലാത്ത തോമസിനും ഡാലിക്കും നിരവധി പേര്‍ സഹായത്തിനെത്തിയത് പ്രത്യേകിച്ച് സീറോ മലബാര്‍ കമ്യൂണിറ്റിയും മലയാളി അസോസിയേഷനും ജീസസ് യൂത്തിന്റെയുമെല്ലാം നിസ്വാര്‍ഥ സഹകരണം ലഭിച്ചു.

പെസഹാ വ്യാഴാഴ്ച ആയിരുന്നിട്ടും മൃതസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂര്‍ സമയം കണ്െടത്തി പങ്കെടുത്തത് ഹൃദയസ്പര്‍ശിയായിരുന്നു.

ഓഡ്രിക്കിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച വെസ്റ്മീഡ് ഹോസ്പിറ്റലിലെ ഡോക്ടേഴ്സിനും മറ്റു സ്റാഫുകള്‍ക്കും പോലീസ് ഫോറന്‍സിക് ഡിപ്പാര്‍ട്ടുമെന്റിനും ഗാര്‍ഡിയന്‍ ഫ്യൂണറല്‍സിനും കൂടാതെ സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് സീറോ മലബാര്‍ കമ്യൂണിറ്റി ട്രസ്റികളേയും മലയാളി അസോസിയേഷന്‍ ഭാരവാഹികളോടും തോമസിന്റെയും ഡാലിയുടേയും പേരില്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജെയിംസ് ജോസഫ്