സിഡ്നിയില്‍ പെസഹാ ആചരിച്ചു
Saturday, April 19, 2014 4:34 AM IST
സിഡ്നി: സീറോ മലബാര്‍ സഭയിലെ മക്കളോടൊത്ത് പെസഹാ ആചരിക്കുവാന്‍ മാര്‍ ബോസ്കോ പുത്തൂര്‍ സിഡ്നിയില്‍ എത്തി. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ഹിഞ്ചിന്‍ ബ്രൂക്കിലുള്ള ഗുഡ് സമരിറ്റന്‍ കാത്തലിക് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കും പെസഹാ തിരുക്കര്‍മ്മങ്ങള്‍ക്കും പിതാവ് മുഖ്യ കാര്‍മികത്വം വഹിച്ചു.

ഫാ. ജോഷി, ഫാ. തോമസ് ആലൂക്ക എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. 12 കുട്ടികളൂടെ പാദങ്ങള്‍ കഴുകിക്കൊണ്ട് യേശുനാഥന്‍ നല്‍കിയ വിനയത്തിന്റെ മാതൃകയെ അനുസ്മരിച്ചു. കാല്‍ കഴുകല്‍ ശുശ്രൂഷയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പുതിയ രൂപതയുടെ വളര്‍ച്ചയ്ക്കുവേണ്ടി വിശ്വാസികള്‍ എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും നമ്മുടെ വിശ്വാസ പാരമ്പര്യത്തില്‍ വരും തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ മതബോധനത്തിനുള്ള ആവശ്യകതയേയും അതിനു മാതാപിതാക്കള്‍ക്കുള്ള പ്രാധാന്യത്തേയും ചൂണ്ടിക്കാട്ടി രൂപതയുടെ ഭാവി തലമുറയ്ക്ക് വിശ്വാസ വെളിച്ചം പകരാന്‍ വൈദീകര്‍ ഉണ്ടാകുവാന്‍ വേണ്ടി പ്രാര്‍ഥിക്കുകയും പ്രയത്നിക്കുകയും ചെയ്യണമെന്നും ഉത്ബോധിപ്പിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പിതാവ് അപ്പവും പാലും ആശിര്‍വദിച്ചു. എല്ലാവരും ഭക്ഷിച്ചും പാനം ചെയ്തും ദിവ്യനാഥന്റെ അന്ത്യത്താഴത്തിന്റേയും പരിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റേയും സ്മരണ പുതുക്കി.

റിപ്പോര്‍ട്ട്: ടോമിച്ചന്‍ കുരിശുങ്കല്‍