ഓസ്ട്രേലിയയിലെ ഹൊബര്‍ട്ടില്‍ വിവിധ ഓര്‍ത്തഡോക്സ് സഭകള്‍ക്ക് ഒരു ഐക്യവേദി
Saturday, April 19, 2014 4:33 AM IST
ഹോബാര്‍ട്ട്: വിവിധ ഓര്‍ത്തഡോക്സ് സഭകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹോബര്‍ട്ടില്‍ നടന്ന വലിയ ആഴ്ച ആചരണം മാതൃകയാകുന്നു. മലങ്കര ഓര്‍ത്തഡോക്സ്, ജാക്കോബൈറ്റ് സിറിയന്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓസ്ട്രേലിയയിലെ ഹോബര്‍ട്ടിലാണ് വലിയ ആഴ്ച ആചരണം.

ഹോബാര്‍ട്ട് കേന്ദ്രമായി രൂപീകരിച്ച ഓര്‍ത്തഡോക്സ് എക്യുമെനിക്കല്‍ സൊസൈറ്റി ആണ് സഭാ തര്‍ക്കത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മ സംഘടിപ്പിച്ചു മാതൃകയായത്. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ മെല്‍ബണ്‍ രൂപത ചാന്‍സിലര്‍ ഫാ.തിമോത്തി ഇവഞ്ചിലണ്ടിസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വിദേശ രാജ്യങ്ങളില്‍ വളര്‍ന്നു വരുന്ന ഇന്ത്യന്‍ യുവ തലമുറയ്ക്ക് ഭാരതീയ സംസ്കാരം പഠിക്കാനും ഓര്‍ത്തഡോക്സ് വിശ്വാസത്തിനു അടിത്തറ പാകി വളരാനും ഈ കൂട്ടായ്മ ഉപകരിക്കുമെന്ന് ഫാ.തിമോത്തി പറഞ്ഞു.

എക്യുമെനിക്കല്‍ സൊസൈറ്റി പ്രസിഡന്റ് സോജന്‍ ജോസഫ്, സെക്രട്ടറി റിജു ജോഷ്വ, ചീഫ് കോഓര്‍ഡിനേറ്റര്‍ ലീ മാക്സ് ജോയ് തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വിശ്വാസ പഠന ക്ളാസുകള്‍ റോബര്‍ട്ട് നയിക്കും. തുടര്‍ന്നുള്ള ആഴ്ചകളിലും മറ്റു ശുശ്രൂഷകളും വേദപഠന ക്ളാസുകളും തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.