ഐഎന്‍ഒസി-ഐ യുഎസ്എ പ്രസിഡന്റ് ശുദ്ധ പ്രകാശ് സിംഗിനെതിരെ അവിശ്വാസം രേഖപ്പെടുത്തി
Saturday, April 19, 2014 4:32 AM IST
ന്യൂയോര്‍ക്ക്: ബഹു ഭൂരിപക്ഷം ചാപ്റ്റര്‍ പ്രസിഡന്റുമാരും കൌണ്‍സില്‍ അംഗങ്ങളും ശുദ്ധ പ്രകാശ് സിംഗില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചതായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി) ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിംഗ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒന്‍പതു പേര് അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയത്തില്‍ ഒപ്പ് വച്ചിട്ടുണ്െടന്നു ഏപ്രില്‍ 10 ന് പുറ പ്പെടുവിച്ച പത്രപ്രസ്താവനയില്‍ അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോ. കരണ്‍ സിംഗാണ് 15പേര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നേരത്തെ രൂപീകരിച്ചത്.

എഐസിസി വിദേശകാര്യ സമിതിക്കും അവിശ്വാസ പ്രമേയത്തിന്റെ കോപ്പി അയച്ചു കൊടുത്തിട്ടുണ്ട്.

അടുത്ത കാലത്തായി ഐഎന്‍ഒസിയുടെ നിലവിലുള്ള നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ഐഎന്‍ഒസി നേതൃത്വത്തില്‍ നിന്നും ഉണ്ടായതെന്ന് കോണ്‍ഗ്രസ് അനുഭാവികളും ഐഎന്‍ഒസി അംഗങ്ങളും ആരോപിച്ചു. ഈ നേതൃത്വം തുടരുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്ന് ഏവര്‍ക്കും അറിയാം. പുതിയ നേതൃത്വം വേണമെന്നത് പ്രവര്‍ത്തകരുടെ ആവശ്യമാണ്.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചാപ്റ്റര്‍ ഭരണ സമിതിയും എത്രയും പെട്ടെന്ന് നിലവില്‍ വരുന്നതിനു എഐസിസിയുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്െടന്ന് ഐഎന്‍ഒസി ദേശീയ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പ്രസ്താവിച്ചു.