യുഡിഎഫ് പാര്‍ലമെന്റിലേക്ക് മികച്ച വിജയം നേടും
Thursday, April 17, 2014 6:21 PM IST
റിയാദ്: അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമപ്പുറം കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ പതിനാറാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം കൊയ്യുമെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ. മുഹമ്മദ് കുഞ്ഞിയും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ് ജോയിയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറം ജില്ലാ ഒഐസിസി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇവര്‍ റിയാദിലെത്തിയത്.

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മുമ്പൊന്നുമില്ലാത്ത ഐക്യത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുപിഎ സര്‍ക്കാരിന് മലയോര കര്‍ഷകരോടുള്ള ആഭിമുഖ്യവും അവരുടെ പ്രശ്നങ്ങളോടുള്ള അനുഭാവപൂര്‍ണമായ സമീപനവും അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കാനും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ആത്മാര്‍ഥമായി രംഗത്തിറങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഇതെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിക്കുമെന്നത് അടിവരയിടുന്നതായി മലപ്പുറത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജില്ലാ പ്രസിഡന്റുമായ മുഹമ്മദ് കുഞ്ഞി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ മാധ്യമ സൃഷ്ടികള്‍ മാത്രമാണ്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രകടിപ്പിച്ചിരുന്ന ആവേശം പോലും ഇപ്പോള്‍ കാണിക്കുന്നില്ല. സ്വന്തം അണികള്‍ പോലും തിരിഞ്ഞു കുത്തിയതായി അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ സ്ഥിതിഗതികള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നും സോണിയാഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ യുപിഎ മികച്ച വിജയം നേടുമെന്ന് ഉറപ്പായിരിക്കുന്നതായും കെഎസ്യു പ്രസിഡന്റ് വി.എസ് ജോയിയും പറഞ്ഞു.

സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച കാശുപോലും മടക്കിക്കിട്ടില്ലെന്ന് ഉറപ്പുള്ള ചില വര്‍ഗീയ പാര്‍ട്ടികളാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത്. അവര്‍ പ്രഖ്യാപിക്കുന്ന സര്‍വേഫലങ്ങളും മറ്റ് പ്രചാരണങ്ങളും ജനങ്ങളെ തെററിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. ഇതില്‍ വഞ്ചിതരാകാന്‍ മാത്രം വിഡ്ഢികളല്ല കേരള ജനതയെന്ന് മുഹമ്മദ് കുഞ്ഞി ഓര്‍മിപ്പിച്ചു. മലബാറിലെ മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായി വോട്ടെണ്ണിയാല്‍ ബോധ്യപ്പെടും. കള്ളപ്രചരണങ്ങളുമായി വോട്ടുപിടിക്കാന്‍ ശ്രമം നടത്തിയ ഈര്‍ക്കില്‍ പാര്‍ട്ടികളെല്ലാം ഇതോടെ ഇല്ലാതാകുമെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു.

മലപ്പുറം ജില്ലാ ഒഐസിസിയുടെ സമ്മേളനം നോഫ ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കും. ചടങ്ങില്‍ മികച്ച സംഘാടകനുള്ള മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക പുരസ്കാരം അഡ്വ. വി.എസ്. ജോയിക്കും മികച്ച പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് തെന്നല മൊയ്തീന്‍ കുട്ടിക്കും സമ്മാനിക്കും. സാംസ്കാരിക സമ്മേളനാനന്തരം നടക്കുന്ന കലാപരിപാടികളില്‍ നാട്ടില്‍ നന്നെത്തിയ വിവിധ കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഒഐസിസി നേതാക്കളായ ജിഫിന്‍ അരീക്കോട്, നൌഫല്‍ പാലക്കാടന്‍, അബ്ദുള്ള വല്ലാഞ്ചിറ, അബ്ദുറസാഖ് പൂക്കോട്ടുംപാടം തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍