കെഫാക് അഡ്രസ് ഷോപ്പീ അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
Wednesday, April 16, 2014 9:07 AM IST
കുവൈറ്റ്: കാല്‍ പന്തുകളിയിലെ വിസ്മയങ്ങള്‍ പ്രവാസികള്‍ക്ക് സമ്മാനിച്ചുകൊണ്ട് എട്ടാഴ്ച നീണ്ടുനില്‍ക്കുന്ന കെഫാക് അഡ്രസ് ഷോപ്പീ അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.

കുവൈറ്റിലെ വിവിധ ജില്ലാ അസോസിയേഷന്‍ ഭാരവാഹികളുടെയും കലാസാംസ്കാരിക, കായിക മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ കെഫാക് മുന്‍ പ്രസിഡന്റും അഡ്രസ് ഷോപ്പീ ജനറല്‍ മാനേജരുമായ മുഹമ്മദ് ഷബീര്‍ വെള്ളിയാഴ്ച വൈകിട്ട് മിശ്രിഫിലുള്ള കുവൈറ്റ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് കിക്കോഫ് നിര്‍വഹിച്ചത്. ഉദ്ഘാടന മത്സരത്തില്‍ വാക്കോവര്‍ ലഭിച്ച കണ്ണൂര്‍ (ഫോക്) ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ പാലക്കാടും മലപ്പുറവും ഓരോ ഗോളുകളടിച്ചു സമനിലയിലായി. കളിയുടെ തുടക്കത്തില്‍ പാലക്കാടന്‍ പട്ടാളം എതിരാളിയുടെ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും പതിയെ താളം വീണ്ടുടുത്ത മലപ്പുറം കളിയിലേക്ക് തിരികെവരികയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ മലപ്പുറം ഗോള്‍കീപ്പറെ നിസഹായനാക്കി മുന്‍ കേരള ഫുട്ബോള്‍ താരം ജയകുമാറിന്റെ എണ്ണംപറഞ്ഞ ഗോള്‍ പാലക്കാടിനെ മുന്നിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഒത്തുരമയോടെ പന്ത് തട്ടിയ മലപ്പുറം സവാദിലൂടെ ഗോള്‍ മടക്കി. കളിയിലെ കേമനായി പാലക്കാടിന്റെ ഷെഹിനെ തെരഞ്ഞടുത്തു. തുടര്‍ന്നു നടന്ന തിരുവനന്തപുരം സ്ട്രൈക്കേഴ്സും കോഴിക്കോടുമുള്ള മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകളടിച്ചു സമനിലയില്‍ പിരിഞ്ഞു. കോഴിക്കോടിന് വേണ്ടി ഇസ്മായിലും തിരുവനന്തപുരത്തിന് വേണ്ടി റോയിയും ഗോളുകള്‍ നേടി. മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് തിരുവനന്തപുരത്തിന്റെ റോയിക്ക് സമ്മാനിച്ചു. അവസാന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തൃശൂര്‍ എറണാകുളത്തെ തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ തന്നെ തൃശൂരിന് വേണ്ടി രണ്ട് ഗോളുകള്‍ നേടിയ ലിനീഷാണ് കളിയിലെ കേമന്‍.

കുവൈറ്റിലെ മുഴുവന്‍ ജില്ല അസോസിയേഷനുകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേളയില്‍ കെഫാകില്‍ അണിനിരന്നിട്ടുള്ള 400ല്‍ പരം മലയാളി താരങ്ങള്‍ 10 ജില്ലകള്‍ക്കായി കളിക്കും. രണ്ടു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കെഡിഎ കോഴിക്കോട് , കെഡിഎന്‍എ കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍കോട് എന്നീ 10 ജില്ലാ ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി ലീഗടിസ്ഥാനത്തില്‍ മാറ്റുരക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും നാലു മത്സരങ്ങള്‍ വീതം നടക്കും. കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരിക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812 , 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍