ഡിഎംഎ ദിനാഘോഷം
Wednesday, April 16, 2014 9:01 AM IST
ന്യൂഡല്‍ഹി : ഇത്തവണത്തെ ഡിഎംഎ ദിനാഘോഷ പരിപാടികള്‍ ആര്‍.കെ. പുരം സെക്ടര്‍ നാലിലെ ഡിഎംഎ കേന്ദ്ര കമ്മിറ്റിയുടെ സാംസ്കാരിക സമുച്ചയത്തില്‍ അരങ്ങേറി.

ഡല്‍ഹി മലയാളി അസോസിയേഷന്‍ എല്ലാവര്‍ഷവും ഏപ്രില്‍ 14 ന് (തിങ്കള്‍) ഡിഎംഎ ദിനമായി ആഘോഷിച്ചുവരികയാണ്.

ഡല്‍ഹിയിലെ മലയാളി കുട്ടികള്‍ ഇപ്പോള്‍ നന്നായി മലയാള ഭാഷ എഴുതുവാനും സംസാരിക്കുവാനും പഠിച്ചതിനു പ്രധാന കാരണം ഡിഎംഎ യുടെ സേവനങ്ങളില്‍ ഒന്നു മാത്രമാണെന്നും അതിനിയും കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് എപ്പോഴും ഡിഎംഎയോടൊപ്പം ഉണ്ടാവുമെന്നും ഡിഎംഎ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും കേന്ദ്ര പ്രവാസികാര്യമന്ത്രിയും ഡിഎംഎയുടെ രക്ഷാധികാരിയുമായ വയലാര്‍ രവി. ഡിഎംഎ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഡിഎംഎ പ്രസിഡന്റ് എ.ടി.സൈനുദ്ദിന്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ നിതിന്‍ വല്‍സന്‍ ഐപിഎസ് മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തില്‍ ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. പ്രശസ്ത കഥകളി വിദ്വാന്‍ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, പ്രഫ. ഓംചേരി എന്‍.എന്‍. പിള്ള, കെ. മാധവന്‍ നായര്‍, ബാബു പണിക്കര്‍, സി.എല്‍. ആന്റണി എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും ഫലകങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

ഡിഎംഎ വൈസ് പ്രസിഡന്റും ആഘോഷ കമ്മിറ്റിയുടെ കണ്‍വീനറുമായ ജി.ശിവശങ്കരന്‍ കൃതജ്ഞത പറഞ്ഞു.അഡിഷണല്‍ ജനറല്‍ സെക്രട്ടറി എന്‍.സി. ഷാജി ചടങ്ങുകളുടെ വിവരണങ്ങള്‍ നല്‍കി. വൈസ് പ്രസിഡന്റ് സി. കേശവന്‍ കുട്ടി, ട്രഷറര്‍ പി.രവീന്ദ്രന്‍, ജോയിന്റ് ട്രഷറര്‍ എ.മുരളിധരന്‍, ഇന്റേണല്‍ ഓഡിറ്റര്‍ സി.ബി. മോഹനന്‍, ജോയിന്റ് ഇന്റേണല്‍ ഓഡിറ്റര്‍ വി.മുരളി മേനോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കലാപരിപാടികളില്‍ ഡോ. നിഷാ റാണിയോടൊപ്പം ശിഷ്യരായ രേഷ്മാ സുരേഷും ആര്യന്‍ ബോസും കുച്ചിപ്പുടി ഡാന്‍സ് അവതരിപ്പിച്ചു. ഫരിദാബാദ് മലയാളി അസോസിയേഷന്റെ കള്‍ച്ചറള്‍ വിംഗ്, വില്‍സന്‍ തോമസിന്റെ രചനയിലും സംവിധാനത്തിലും അവതരിപ്പിച്ച പ്രവാസികളുടെ ഹൃദയ നൊമ്പരങ്ങളുടെ കഥ പറഞ്ഞ 'സായാഹ്നം' എന്ന നാടകം കാണികളുടെ കണ്ണുകളെ ഈറനണിയിച്ചു.

ഫരിദാബാദ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, കുച്ചിപ്പുടി ഡാന്‍സ് അവതരിപ്പിച്ച ഡോ. നിഷാ റാണി, മലയാള ഭാഷാ പഠനം അധ്യാപിക സന്ധ്യാ സുരേഷ് എന്നിവരെയും ചടങ്ങുകളില്‍ അനുമോദിച്ചു.

ഡിഎംഎയുടെ വിവിധ ശാഖകളില്‍ നിന്നുള്ളവരും അഭ്യൂദയകാംക്ഷികളും ഡിഎംഎ മുന്‍ പ്രസിഡന്റ് എ.കെ. ഭാസ്കരനും കുടുംബവും ചടങ്ങുകളില്‍ പങ്കെടുക്കുവാനായി ബാംഗളൂരില്‍ നിന്നും പ്രത്യേകം എത്തിച്ചേര്‍ന്നിരുന്നു. കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുത്തു. ഡിഎംഎ ദിനാഘോഷങ്ങളുടെ ഭാഗമായി ഏവര്‍ക്കും സ്നേഹവിരുന്നും പായസവും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി