അമേരിക്കന്‍ അതിഭദ്രാസന അരമന മാര്‍ എഫ്രേം കത്തീഡ്രല്‍ താത്കാലിക കൂദാശ
Wednesday, April 16, 2014 9:01 AM IST
ന്യൂജേഴ്സി: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനം ന്യൂജേഴ്സിയിലെ വിപ്പനിയില്‍ സമീപകാലത്ത് വാങ്ങിയ അരമനയിലെ, മാര്‍ അപ്രേം കത്തീഡ്രലിന്റെ താത്കാലിക കൂദാശ ഏപ്രില്‍ 14ന് (വെള്ളി) ഇടവക മെത്രാപോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനി നിര്‍വഹിച്ച് വി. കുര്‍ബാനയര്‍പ്പണം നടത്തി.

സഭയുടെ ചരിത്രത്തിന്റെ ഏടുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഈ സുദിനത്തിന് സാക്ഷികളായി സമീപ പ്രദേശത്തുള്ള വൈദീകരും ശെമ്മാശന്മാരും വിശ്വാസികളും പങ്കെടുത്തു.

കോരിച്ചൊരിയുന്ന മഴയത്തും വിശ്വാസികള്‍ പരിശുദ്ധ സഭയോടും ഭദ്രാസനത്തോടും തിരുമേനിയോടുമുള്ള വിശ്വാസവും സ്നേഹവും കൂറും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട് തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൂദാശാ ചടങ്ങുകളിലും വിശുദ്ധ ആരാധനയിലും പങ്കുകൊണ്ട് സംതൃപ്തിയടഞ്ഞു. ദൈവത്തിന്റെ അതിരറ്റ കൃപയും വിശ്വാസികളുടെ പ്രാര്‍ഥനയോടുകൂടിയ ആത്മാര്‍ഥമായ സഹകരണവുമാണ് ഈ സ്വപ്ന സാക്ഷാത്കാരത്തിന് ഇടയാക്കിയതെന്നും അതിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും തിരുമേനി അറിയിച്ചു.

സമീപ പ്രദേശങ്ങളിലും ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള എല്ലാ ക്രൈസ്തവ വിശ്വാസികള്‍ക്കും വി. ആരാധനയില്‍ സംബന്ധിക്കുകവഴി, അനുഗ്രഹത്തിന്റെ ഉറവിടവും ആലംബഹീനര്‍ക്ക് അഭയകേന്ദ്രവുമായി ഈ ദേവാലയം എന്നെന്നും ശോഭിക്കുവാന്‍ ഇടയാകട്ടെ എന്നും തിരുമേനി ആശംസിച്ചു.

എല്ലാ ഞായറാഴ്ചകളിലും രാവിലെ 8.15ന് പ്രഭാത പ്രാര്‍ഥനയും ഒമ്പതിന് വിശുദ്ധ കുര്‍ബാനയുമുണ്ടായിരിക്കുമെന്നും കൂടാതെ ബുധനാഴ്ച ദിവസങ്ങളില്‍ വൈകിട്ട് ഏഴിന് സന്ധ്യാപ്രാര്‍ഥനയും, വി. ദൈവമാതാവിനോടുള്ള പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കുമെന്നും വികാരി റവ.ഫാ. വര്‍ഗീസ് പോള്‍ അറിയിച്ചു.

ഹാശാ ആഴ്ച ആചരണത്തോടനുബന്ധിച്ച് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥന, 12 ന് ഉച്ചനമസ്കാരം വൈകിട്ട് ഏഴിന് സന്ധ്യാപ്രാര്‍ഥന എന്നിവ ഉണ്ടായിരിക്കും.

ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് ഏഴിന് പെസഹായുടെ ശുശ്രൂഷയും 18ന് (വെള്ളി) രാവിലെ ഒമ്പതിന് ദുഃഖവെള്ളിയാഴ്ച സര്‍വീസും നടക്കും. ശനിയാഴ്ച 10 ന് പ്രഭാത പ്രാര്‍ഥനയും 11 ന് വി. കുര്‍ബാനയും ഞായറാഴ്ച (ഈസ്റര്‍) രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് ഈസ്റര്‍ സര്‍വീസും നടക്കും. 12 ന് സ്നേഹവിരുന്നോടെ ഈവര്‍ഷത്തെ ഹാശാ ആഴ്ച ആചരണം അവസാനിക്കും. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍