വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ് വിഷു ആശംസകള്‍ നേര്‍ന്നു
Wednesday, April 16, 2014 8:44 AM IST
ഡാളസ്: പുത്തന്‍ പ്രതീക്ഷകളുമായി മലയാളികള്‍ ഹര്‍ഷപുളകിതരായി പുതുവത്സരത്തിലേക്ക് കാലുകുത്തുന്ന ദിവസമാണ് വിഷു. കണ്ണു തുറന്ന് നിലവിളക്കിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്ന വിഷുക്കണിയിലേക്ക് നോക്കുമ്പോള്‍ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, അജ്ഞാനത്തില്‍ നിന്ന് വിജ്ഞാനത്തിലേക്ക് കടക്കുന്നത് പ്രതീതമാകണം എന്ന് അയ്യപ്പ സേവ ട്രസ്റ് ഗുരുസ്വാമി പാര്‍ഥ സാരഥി പിള്ള വിഷു സന്ദേശത്തില്‍ പറഞ്ഞു.

വിഷുപ്പുലരിയില്‍ കണി കണാന്‍ കണ്ണു തുറക്കുമ്പോള്‍ ഒരു പുതിയ ഉണര്‍വും ഉന്മേഷവുമാണ്. ജാതിമതഭേദമന്യേ എല്ലാവരും വിഷു ആഘോഷിക്കുമ്പോള്‍ വിഷുക്കണി മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായിത്തീരുന്നു. വിഷുക്കണി പരത്തുന്ന പ്രകാശം ലോക നന്മക്കു ഉതകട്ടെ എന്ന് വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ് ചെയര്‍മാന്‍ വാസുദേവ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണു തുറന്ന് നിലവിളക്കിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്ന വിഷുക്കണിയിലേക്ക് നോക്കുമ്പോള്‍ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, അജ്ഞാനത്തില്‍ നിന്ന് വിജ്ഞാനത്തിലേക്ക് കടക്കുന്നത് പ്രതീതമാകണം. കണ്ണടയ്ക്കുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമാകണം. ഐശ്വര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. പുരോഗതിയായിരിക്കണം ജീവിത ലക്ഷ്യം. വിഷുക്കണി എന്ന ലക്ഷ്യത്തില്‍ എത്തുന്നതു വരെ കണ്ണൂ തുറക്കരുത് എന്ന് പറയുന്നതു പോലെ നമ്മള്‍ ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നതുവരെ തളരാതെ നിരന്തരം പ്രയത്നിച്ചു കൊണ്േടയിരിക്കണം എന്ന് വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ് ജനറല്‍ സെക്രട്ടറി ഡോ. പദ്മജ പ്രേമചന്ദ്രന്‍ വിഷു സന്ദേശത്തില്‍ പറഞ്ഞു.

കേരളീയര്‍ മാത്രമല്ല ഈ ദിവസം ആഘോഷിക്കുന്നത്. ഭാരതീയര്‍ പല പേരുകളിലും ആചാരക്രമങ്ങളിലും ഈ ദിവസം ആഘോഷിക്കുന്നു.

വിഷുക്കണി നമ്മുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും നഷ്ടപ്പെടാതെ വളരെ ഉജ്വലമായ രീതിയില്‍ വിഷു ആഘോഷിക്കണമെന്ന് വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ് ട്രഷര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ അഭ്യര്‍ഥിച്ചു.

ഭക്തിയോടെ വിഷുക്കണിയിലെ ഇഷ്ടദേവതയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ വരും കാലം സമ്പസമൃദ്ധമാകണമെന്ന പ്രതീക്ഷയും പ്രാര്‍ഥനയുമാണ്. സത്യസാക്ഷാത്ക്കാരത്തിലേക്ക് നയിക്കുന്ന ഭക്തിയുടെ പ്രതീകം കൂടിയാണ് വിഷുക്കണി അതിനാല്‍ സമസ്ത ലോകര്‍ക്കും സമ്പല്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകള്‍ നേരുന്നതായി വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ് ഗുരുസ്വാമിയും പ്രസിഡന്റും ആയ പാര്‍ഥ സാരഥി പിള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: ഗണേശ് നായര്‍