കുരുത്തോലകളേന്തി ക്രെെസ്തവ സമൂഹം ഓശാനയാചരിച്ചു
Monday, April 14, 2014 8:35 AM IST
ടെക്സസ്: ഓശാന.....ഓശാന... ദാവീദിന്‍ പുത്രന് ഓശാന. കുരിശിലേറ്റുന്നതിനുമുമ്പ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി രാജകീയ പ്രവേശനം ചെയ്ത യേശുവിനെ ഒലിവിന്‍ ചില്ലകള്‍ വീശിയും ഈന്തപ്പനയോലകള്‍ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കിയുള്ള ഓശാന ഞായര്‍ എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലെങ്ങും ഭക്തിപൂര്‍വം ആചരിച്ചു.

ദേവാലയങ്ങളില്‍ നടന്ന പ്രത്യേക ശുശ്രൂഷകളില്‍ പങ്കെടുത്ത് വിശ്വാസികള്‍ കുരുത്തോലകളേന്തി ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.

ടെക്സസില്‍ ഹൂസ്റന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടന്ന ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലും ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ഫാ. കുര്യന്‍ നെടുവേലിചാലുങ്കലും നേതൃത്വം വഹിച്ചു.

ഡാളസ് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഓശാന തിര്‍ക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോണ്‍സ്റി തച്ചാറ നേതൃത്വം നല്‍കി. ഒക്ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ വികാരി ഫാ. പോള്‍ കോട്ടക്കല്‍ കാര്‍മികത്വം വഹിച്ചു.

മക്കാലന്‍ ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ ദേവാലയത്തില്‍ ഓശാനയാചരണ ശുശ്രൂഷകള്‍ക്ക് റവ. ഡോ. റാഫേല്‍ അമ്പാടന്‍ നേതൃത്വമേകി.

യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ആചരിക്കപ്പെടുന്ന വിശുദ്ധ വാരാചരണം അടുത്ത ഞായറാഴ്ച ഉയിര്‍പ്പു തിരുനാളോടെ സമാപിക്കും.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍