'മലയാളത്തോട് അമ്മയെപ്പോലെ ആത്മബന്ധം'
Monday, April 14, 2014 8:29 AM IST
റിയാദ്: ഏതൊരു മലയാളിക്കും അമ്മയെപ്പൊലെ ആത്മബന്ധം ഉള്ളതാണ് മലയാള ഭാഷ. അതിന് ജാതി, മത, ദേശ, കാലഭേദങ്ങള്‍ ഇല്ല. ഓരോ മലയാളിയേയും സംബന്ധിച്ച് രക്തത്തില്‍ അലിഞ്ഞ വികാരമാണ് മലയാള ഭാഷയെന്നും പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പറഞ്ഞു. 

റിയാദില്‍ കേളി കുടുംബവേദിയുടെ മധുരം മലയാളം ക്ളാസിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം നാട്ടില്‍ നിന്നും ഭാഷയില്‍ നിന്നും സംസ്കാരത്തില്‍ നിന്നും അകന്ന് വ്യത്യസ്ത സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന പ്രവാസി മലയാളികളുടെ കുട്ടികള്‍ സ്വന്തം നാടിന്റെ സംസ്കാരവും മാതൃഭാഷയും അറിഞ്ഞിരിക്കണം. ഭാഷയുടെ വിവിധ വ്യവഹാരരൂപങ്ങള്‍ വായിച്ചും കേട്ടും തന്റേതായ രീതിയില്‍ ആശയങ്ങള്‍ മനസിലാക്കുന്നതിനുള്ള കഴിവു നേടുക, സ്വന്തം ആശയങ്ങള്‍, ചിന്തകള്‍, ഭാവന, സര്‍ഗാത്മകത എന്നിവ അനുയോജ്യമായ രൂപത്തില്‍ മറ്റുള്ളവര്‍ക്ക് മനസിലാക്കുന്ന തരത്തില്‍ പറഞ്ഞും എഴുതിയും അവതരിപ്പിക്കുന്നതിനുള്ള കഴിവുനേടുക, മലയാള ഭാഷയിലെ സര്‍ഗാത്മക കൃതികള്‍ വായിച്ച് ആസ്വദിക്കുന്നതിനും അവയില്‍ നിന്ന് സ്വാംശീകരിക്കുന്ന സംസ്കാരം ജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള കഴിവു നേടുക, മലയാള ഭാഷ തന്റെ ജന്മനാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അതിലൂടെ നാടിന്റെ സംസ്കാരത്തെ ഉള്‍ക്കൊള്ളുന്നതിനും തന്റെ സ്വത്വബോധം വികസിപ്പിക്കന്നതിനുമുള്ള കഴിവുനേടുക എന്നീ കാര്യങ്ങളാണ് മധുരം മലയാളം പോലുള്ള പഠന ക്ളാസുകള്‍ കൊണ്ടണ്ട് കഴിയുന്നതെന്നും അതു പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രവാസി മലയാളികള്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു.

റിയാദിലെ പ്രമുഖ ലാന്‍ഡ് സ്കേപ്പിംഗ് നിര്‍മാണ കമ്പനിയായ റിയാദ് വില്ലാസിന്റെ വാര്‍ഷികാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ കാഞ്ഞങ്ങാടിന് കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍  സ്വീകരണം നല്‍കി.

കുടുംബവേദി പ്രസിഡന്റ് ഷമീം ഹുസൈന്റെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ യോഗത്തില്‍ കുടുംബവേദി സെക്രട്ടറി സിന്ധു ഷാജി, കേളി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നം, കേളി രക്ഷാധികാരി സമിതി അംഗം ബി.പി. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബവേദി പ്രവര്‍ത്തകനും, കുട്ടികളും കേളി പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍