വിശ്വാസവും ആചാരങ്ങളും നഷ്ടമാക്കരുത്: മാര്‍ ബോസ്കോ പുത്തൂര്‍
Monday, April 14, 2014 8:28 AM IST
ബ്രിസ്ബന്‍: യേശു ക്രിസ്തുവിന്റെ പീഡാസഹനത്തിന്റേയും ഉഥാനത്തിന്റേയും ഓര്‍മ്മയാചരണ വേളയില്‍ എല്ലായ്പ്പോഴും നന്മയുടെ ഭാഗത്താണോ നിലകൊള്ളുന്നതെന്ന് ഓരോരുത്തരും പരിശോധന നടത്തണമെന്ന് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍.

റെഡ് ഹില്‍ സെന്റ് ബ്രിജിഡ്സ് പള്ളിയില്‍ നടന്ന ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ ബോസ്കോ പുത്തൂര്‍.

വിശ്വാസങ്ങളും ആചാരങ്ങളും ഏതു സാഹചര്യത്തിലും കൈമോശം വരാതെ തലമുറകള്‍ക്ക് കൈമാറണമെന്ന് മാര്‍ ബോസ്കോ പുത്തൂര്‍ പറഞ്ഞു. കുടുംബങ്ങളില്‍ നിന്നാണ് ഇതിനുവേണ്ട പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടാവേണ്ടത്.

സീറോ മലബാര്‍ സഭ സെന്റ് തോമസ്, സെന്റ് അല്‍ഫോന്‍സ കമ്യൂണിറ്റികള്‍ സംയുക്തമായാണ് ബ്രിസ്ബനില്‍ ഓശാന ഞായര്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.

തിരുക്കര്‍മ്മള്‍ക്കു ശേഷം നടന്ന ചടങ്ങില്‍ സീറോ മലബാര്‍ കത്തോലിക്ക സമൂഹം ബ്രിസ്ബനില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ പത്താമത് വാര്‍ഷികം നിലവിളക്ക് തെളിച്ച് മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്