സിഡ്നി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓശാന പെരുന്നാള്‍ ആചരിച്ചു
Monday, April 14, 2014 8:28 AM IST
സിഡ്നി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ സമുചിതമായി ആചരിച്ചു. എപ്രില്‍ 12 ന് (ശനി) വൈകുന്നേരം നാലിന് റിട്രീറ്റും തുടര്‍ന്ന് ഓശാനയുടെ സന്ധ്യാനമസ്കാരവും നടന്നു. റിട്രീറ്റ് വിശ്വാസികള്‍ക്ക് വളരെ അനുഗ്രഹപ്രദമായി.

ഞായറായ്ച്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനക്കും ഓശാന ശുശ്രൂഷകള്‍ക്കും ഓര്‍ത്തഡോക്സ് സെമിനാരിയിലെ പ്രമുഖ അധ്യാപകനും മലങ്കര സഭയിലെ പ്രമുഖ വാഗ്മിയുയും എഴുത്തുകാരനുമായ ഫാ. ഡോ. ജെ. ജോഷ്വ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയപ്രവേശനം ഓര്‍മ്മിച്ച് കുരുത്തോലകളും കൈകളിലെന്തി ഓശാന പാടി വിശ്വാസികള്‍ ദേവാലയത്തിന് ചുറ്റുമുള്ള പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഇടവക അംഗങ്ങളെ കൂടാതെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ധാരാളം വിശ്വാസികളും ഓശാന പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. പെരുന്നാളില്‍ വന്നു സംബന്ധിച്ചവര്‍ക്കെല്ലാം ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഇടവക വികാരി റവ.ഫാ.തോമസ് വര്‍ഗീസും കമ്മിറ്റി അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ്