ഡാസില്‍ സൂപ്പര്‍ കിംഗ്സ് ടിസിഎഫ് ബൂപ ജേതാക്കള്‍
Monday, April 14, 2014 8:19 AM IST
ജിദ്ദ: ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച് കഴിഞ്ഞ ഒരു മാസമായി വാരാന്ത്യ അവധി ദിനങ്ങളില്‍ ബാഗ്ദാദിയ ഗ്രൌണ്ടില്‍ നടന്നു വന്ന ടിസിഎഫ് ബൂപ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആറാം എഡിഷന് ആവേശകരമായ കൊടിയിറക്കം.

അത്യാവേശകരമായ ഫൈനല്‍ മത്സരത്തില്‍ മുന്‍ ജേതാക്കളായ ടാര്‍ഗറ്റ് ഗൈസിനെ 11 റണ്‍സിനു തോല്‍പ്പിച്ച് ഡാസില്‍ സൂപ്പര്‍ കിംഗ്സ് ച്യാമ്പ്യന്മാരായി.

ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഡാസില്‍ നിശ്ചിത പന്ത്രണ്ട് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് നേടിയപ്പോള്‍, ടാര്‍ഗറ്റ് ഗൈയ്സിന്റെ മറുപടി നാലു വിക്കറ്റിനു 92 റണ്‍സില്‍ അവസാനിച്ചു.

ആദ്യം ബാറ്റു ചെയ്ത ടാസിലിന്റെ തുടക്കം മന്ദഗതിയിലായിരുന്നു, മികച്ച ലൈനിലും ലെംഗ്തിലും ബൌള്‍ ചെയ്ത ടാര്‍ഗറ്റ് ഗൈയ്സിന്റെ ബോളര്‍മാര്‍ അരങ്ങുവാണപ്പോള്‍ സ്കോറിംഗ് തീര്ത്തും ദുഷ്കരമായി. എന്നാല്‍ ഒരറ്റത്ത് നങ്കൂരമിട്ടു കളിക്കുകയും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത അബു ഹുറൈറയുടെ മികച്ച ഇന്നിങ്ങിന്റെ (33 റണ്‍സ്, 19 പന്തില്‍) ബലത്തില്‍ടീം പൊരുതാനുള്ള സ്കോര്‍ നേടി. ഒരറ്റത്ത് സലിം മികച്ച പിന്തുണ നല്‍കി (22 റണ്‍സ്, 12 പന്തില്‍). അവസാന രണ്ടു ഓവറില്‍ മാത്രം 27 റണ്‍സാണ് ഡാസില്‍ അടിച്ചുകൂട്ടിയത്. ടാര്‍ഗറ്റ് ഗൈസിനു വേണ്ടി ആദില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

104 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ടാര്‍ഗറ്റ് ഗൈസിനു ഡാസില്‍ ൌളര്‍മാരുടെ തീപാറുന്ന പന്തുകള്‍ക്കും മിന്നുന്ന ഫീല്‍ഡിംഗിനും മുന്നില്‍ പതറിപ്പോയി. എന്നാല്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ അബു നവാസും റഹീമും അപ്രതീക്ഷിതമായി വന്ന പൊടിക്കാറ്റിനെപോലും തോല്‍പ്പിച്ച് സ്കോര്‍ മെല്ലെ ചലിപ്പിച്ചു. ഫൈനല്‍ മത്സരത്തിന്റെ മുഴുവന്‍ ചാരുതയും, സമ്മര്‍ദവും, ജയപരാജയങ്ങളും മാറി മറിഞ്ഞ അവസാന ഓവറുകള്‍ ശ്വാസമടക്കിപിടിച്ചാണ് കാണികള്‍ കളി കണ്ടു തീര്‍ത്തത്. മികച്ച ഫോമില്‍ ബാറ്റുചെയ്ത അബു നവാസ് (39 റണ്‍സ്, 38 പന്തില്‍) അവസാന ഓവറില്‍ പുറത്തായത് കളിയുടെ വഴിത്തിരിവായി. ഫൈനലില്‍ മികച്ച ഓള്‍റൌണ്ട് പ്രകടനം കാഴ്ചവച്ച ടാസിലിന്റെ അബു ഹുരൈറയെ ഫൈനലിലെ താരമായി തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റിലെ ബെസ്റ് ബാറ്റ്സ്മാന്‍ അലി നവാസ് (ടാര്‍ഗറ്റ് ഗയ്സ്), ബെസ്റ് ബൌളര്‍ മസര്‍ അലി (നോക്കിയ ടുസ്കെഴ്സ്), സ്പിരിറ്റഡ് പ്ളയെര്‍ നസീര്‍ (ദാസില്‍ ) ഫാസ്റ്റെസ്റ് 50 (ജഹാന്‍ഗിര്‍, സ്ട്രയ്ക് കെ.കെ.ആര്‍), ബെസ്റ് ഫീല്‍ദര്‍ (മൊഹമ്മെദ് മക്കി , ഹൈദരാബാദ് റോയല്‍സ്), പുതുമുഖ ടീം (ഖിന്ദ്), ബെസ്റ് വിക്കറ്റ് കീപ്പര്‍ (രാഫകത്, ടാര്‍ഗറ്റ് ഗയ്സ്), നോക്കിയ ഹിറ്റ് ദി ബോര്‍ഡ് (സൊഹൈല്‍, കിന്ദ്), ബെസ്റ് ഓള്‍ റൌണ്ടര്‍ (ബാദുഷ, ലോതെര്സ് ക്രിക്കറ്റ് ക്ളബ്) എന്നിവര്‍ക്ക് ടിസിഎഫ് ട്രോഫിയും എയര്‍ അറേബ്യ സ്പോണ്‍സര്‍ ചെയ്ത എയര്‍ ടിക്കറ്റ്, ജീപാസ്, റീഗല്‍ ഡേ ടു ഡേ, റോയല്‍ ജെന്റ്സ്, ഏഷ്യന്‍ ചോയ്സ്, ഹോളിഡേയ്സ് റസ്ററന്റ്, ലാ സാനി റസ്ററന്റ്, രമാദ, ജോട്ടന്‍ പൈന്റ്സ് എന്നിവര്‍ സ്പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളും ലഭിച്ചു. കൂടാതെ ടൂര്‍ണമെന്റിലെ അമ്പയര്‍മാര്‍, കമന്‍ഡേറ്റര്‍, മുഴുവന്‍ മത്സരങ്ങളെയും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ എന്നിവയും വിതരണം ചെയ്തു. അല്‍ ജസീറ ഫോര്‍ഡ് ഫെയര്‍ പ്ളേ അവാര്‍ഡിന് അര്‍ഹരായി. രജിസ്റര്‍ ചെയ്ത കാണികളില്‍ നിന്ന് നറുക്കെടുത്ത 2 എയര്‍ അറേബ്യ ടിക്കറ്റിന് ആദില്‍ അബുബക്കര്‍, റസാക്ക് എന്നിവര്‍ക്ക് എയര്‍ അറേബ്യ റീജണല്‍ മാനേജര്‍ സയിദ് ഫഹദ് സമ്മാനിച്ചു. ബെസ്റ് ടൂര്‍ണമെന്റ് ആരാധകനുള്ള അവാര്‍ഡിന് മുഹമ്മദ് ഇക്ബാല്‍ അര്‍ഹനായി.

വിഷിഷ്ടാതിഥികളായ നവോദയ രക്ഷാധികാരി വി.കെ. റൌഫ്, ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷരീഫ് കുഞ്ഞ്, ഐസിസി സൌദി പ്രസിഡന്റ് കുഞ്ഞവുട്ടി അബ്ദുള്‍ ഖാദര്‍, പാക്ക് പ്ളസ് ജി.എം. മോഹന്‍ ബാലന, പ്രഫസര്‍ റയ്നോള്‍ഡ്, സദാഫ്കോ പ്ളാനിംഗ് മാനേജര്‍ ഇക്ബാല്‍ പട്ടേല്‍, ടിഎംഡബ്ളുഎ പ്രസിഡന്റ് അബ്ദുള്‍ കരീം കെ.എം, സലിം വി.പി, സമീര്‍ കോയകുട്ടി, ഇഎഫ്എസ് ബഷീര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മുഖ്യ അതിഥി ബൂപ അറേബ്യ ചീഫ് ഫിനാന്‍സ് ഓഫീസര്‍ ഫ്രേസര്‍ ഗ്രെഗോരി ചാമ്പ്യന്‍സ് ട്രോഫി ഡാസില്‍ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ ജനീഷ് ബാബുവിന് കൈമാറി. എഫ്എസ്എന്‍ റണ്ണര്‍ അപ്പ് ട്രോഫി ടാര്‍ഗറ്റ് ഗയ്സിനു ബൂപ അറേബ്യ ഫിനാന്‍സ് മാനേജര്‍ മുഹമ്മദ് ഹന്നോ കൈമാറി.

സമ്മാനദാന ചടങ്ങുകള്‍ക്ക് അബ്ദുള്‍ ഖാദര്‍ മോചെരി, അന്‍വര്‍ സാദത് ടി.എം, ശഹനാദ്, സഫീല്‍, നബീല്‍ എന്നിവര്‍ നേതൃതം നല്‍കി. ടിസിഎഫ് സെക്രട്ടറി മുഹമ്മദ് ഫസീഷ് സ്വാഗതവും പ്രസിഡന്റ് അന്‍വര്‍ സാദത് അധ്യക്ഷതയും വഹിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍