ധര്‍മാരാം ഇടവകയിലെ 2,000 അംഗങ്ങള്‍ നേത്രദാനസമ്മത പത്രം നല്‍കി
Monday, April 14, 2014 8:12 AM IST
ധര്‍മാരാം: നേത്രദാന സമ്മത പത്രം നല്‍കി ധര്‍മാരാം സെന്റ് തോമസ് ഫൊറോന ഇടവക മാതൃകയാകുന്നു. ഇടവകാംഗങ്ങളായ 2,000 പേരാണ് ദി പ്രോജക്ട് വിഷന്‍ എന്ന പദ്ധതിപ്രകാരം നേത്രദാന സമ്മതപത്രം കൈമാറിയത്. നേത്രദാന രംഗത്തു വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ ഇവരില്‍ 600 പേര്‍ തയാറായിട്ടുമുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന ചടങ്ങില്‍ പ്രോജക്ട് വിഷന്റെ സ്ഥാപകനും ഡയറക്ടറുമായ ഫാ.ജോര്‍ജ് കണ്ണന്താനത്തിന് ഇടവകവികാരി ഫാ.തോമസ് കല്ലുകളം നേത്രദാനസമ്മതപത്രങ്ങള്‍ കൈമാറി. വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നേത്രദാനം ചെയ്യുന്നത് ഇത്രയധികം പേര്‍ രംഗത്തുവന്നിരിക്കുന്നത് മാതൃകയാണെന്നും സംസ്ഥാനത്തെ ആറു ലക്ഷത്തോളം വരുന്ന അന്ധര്‍ക്ക് പുതുപ്രതീക്ഷയേകുന്നതാണ് ഈ നടപടിയെന്നും ചടങ്ങില്‍ സംസാരിച്ച ഫാ.ജോര്‍ജ് കണ്ണന്താനം പറഞ്ഞു. ലോക ജനസംഖ്യയില്‍ ഒരു ശതമാനത്തിലേറെ പേര്‍ അന്ധരാണെന്നും ബാംഗളൂര്‍ നഗരത്തില്‍ മാത്രം ഒരുലക്ഷത്തോളം പേര്‍ അന്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ നോമ്പിന്റെ ഈ ദിനങ്ങളില്‍ ക്രൈസ്തവര്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തികളിലൊന്നാണ് ധര്‍മാരാം ഇടവകാംഗങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഇടവവികാരി ഫാ.തോമസ് കല്ലുകളം പറഞ്ഞു.

കര്‍ണാടകയില്‍ ഇതാദ്യമാണ് ഒരു ഇടവക കൂട്ടത്തോടെ നേത്രദാനസമ്മത പത്രത്തില്‍ ഒപ്പിടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി സുമ്മനഹള്ളിയില്‍ അന്ധരും ആലംബഹീനരും മാരകരോഗികളുമായവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഫാ.ജോര്‍ജ് കണ്ണന്താനം. നേത്രദാനം പുണ്യപ്രവൃത്തിയാണെന്നും എന്തു രോഗമുണ്െടങ്കിലും ഏതു പ്രായക്കാര്‍ക്കും നേത്രദാനം നടത്താവുന്നതാണെന്നും വീട്ടില്‍വച്ചുതന്നെ 20 മിനിറ്റിനുള്ളില്‍ നേത്രദാനം നിര്‍വഹിക്കാനാവുമെന്നും ഇതുകൊണ്ട് മുഖം വികൃതമാവില്ലെന്നും ഫാ.ജോര്‍ജ് കണ്ണന്താനം വ്യക്തമാക്കി. പ്രോജക്ട് വിഷന്‍ പദ്ധതി പ്രകാരം കര്‍ണാടക സംസ്ഥാനത്ത് നേത്രദാനം നടത്താനാഗ്രഹിക്കുന്നവര്‍ക്കായി 104 എന്ന ടോള്‍ഫ്രീ നമ്പര്‍ ക്രമീകരിച്ചിട്ടുണ്െടന്നും ഇതിലേക്കുള്ള കോള്‍ തൊട്ടടുത്ത നേത്രബാങ്കിലേക്കാണ് പോകുകയെന്നും അവിടെനിന്നുള്ളവര്‍ എത്തി കണ്ണുകള്‍ ശേഖരിക്കുമെന്നും ഫാ.ജോര്‍ജ് കണ്ണന്താനം പറഞ്ഞു.