അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ റാഫേല്‍ തട്ടിലിന് ഊഷ്മള സ്വീകരണം
Monday, April 14, 2014 8:10 AM IST
ബാംഗളൂര്‍: സീറോമലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ ബാംഗളൂര്‍ സന്ദര്‍ശനം ഇന്നു തുടങ്ങും. ഇന്നു രാവിലെ 8.30ന് ജാലഹള്ളി സെന്റ് തോമസ് ദേവാലയത്തില്‍ നടക്കുന്ന ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ് മുഖ്യകാര്‍മികത്വം വഹിക്കും. ഇന്നു വൈകുന്നേരം നാലിന് ടി.സി.പാളയ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കുന്ന ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ക്കും മാര്‍ തട്ടില്‍ കാര്‍മികത്വം വഹിക്കും. നാളെ രാവിലെ 6.15ന് ധര്‍മാരാം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ സിസ്റ്റേഴ്സിനായി ദിവ്യബലിയര്‍പ്പിക്കും. രാവിലെ 10.30ന് ധര്‍മാരാം ഫൊറോന ദേവാലയത്തില്‍ സീറോമലബാര്‍ ഇടവകകളിലെ വികാരിമാരുടേയും സിസ്റ്റേഴ്സിന്റെയും സംഗമത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരംഅഞ്ചിന്കല്‍ക്കെരെ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ട്രസ്റിമാരുടെ സംഗമത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 6.30ന് ഹുളിമാവ് സാന്തോം ഇടവകയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

15നു രാവിലെ കസവനഹള്ളി സെന്റ് നോര്‍ബര്‍ട്ട് ദേവാലയത്തിലും 16ന് രാവിലെ ഉദയനഗര്‍ സെന്റ് ജൂഡ് ദേവാലയത്തിലും മാര്‍ തട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 16ന് വൈകുന്നേരം ലിംഗരാജപുരം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 17ന് രാവിലെമുതല്‍ സുല്‍ത്താന്‍പാളയ, രാമമൂര്‍ത്തിനഗര്‍, വിജയനഗര്‍, ദാസറഹള്ളി ദേവാലയങ്ങളില്‍ അജപാലനസന്ദര്‍ശനം. പെസഹാവ്യാഴാഴ്ച വൈകുന്നേരം ആറിന് ഹൊങ്ങസാന്ദ്ര ഹോളിഫാമിലി ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളിലും ദുഃഖവെള്ളിയാഴ്ച രാവിലെ ഒന്‍പതിന് ഈജിപുര വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളിലും മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിക്കും.

ദുഃഖവെള്ളിയാഴ്ച വൈകുന്നേരം ധര്‍മാരാം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ സന്ദേശം നല്‍കും. 19ന് രാവിലെ ബൊമ്മനഹള്ളി സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന മാര്‍ തട്ടില്‍ അന്നേദിവസം രാത്രി ഒന്‍പതിന് കര്‍മലാരാം മൌണ്ട് കാര്‍മല്‍ ദേവാലയത്തില്‍ നടക്കുന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കും. ഈസ്റര്‍ദിനമായ 20ന് രാവിലെ എട്ടിന് മത്തിക്കരെ സെന്റ് സെബാസ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കുന്ന മാര്‍ റാഫേല്‍ തട്ടില്‍ അന്നേദിവസം ഉച്ചയ്ക്ക് ഒന്നിന് മരിയാനഹള്ളി സെന്റ് അഗസ്റിന്‍സ് ദേവാലയവും സന്ദര്‍ശിക്കും. അവിടെയായിരിക്കും ഉച്ചഭക്ഷണം.