ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍; രജിസ്ട്രേഷന്‍ കിക്ക് ഓഫ് പ്രൌഡഗംഭീരമായി
Saturday, April 12, 2014 8:52 AM IST
ഇല്ലിനോയിസ്: ഫൊക്കാന കണ്‍വന്‍ഷന്‍ 2014 ന്റെ കിക്ക് ഓഫ് കര്‍മ്മം സ്കോക്കിയിലെ ഹോളിഡേ ഇന്നില്‍ നൂറുകണക്കിനു പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.

നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ നിരവധി പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തെ അഭിസംബോധന ചെയ്ത് നാഷണല്‍ ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, നാഷണല്‍ ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍, റീജിയണല്‍ പ്രസിഡന്റ് ലെജി പട്ടരുമഠത്തില്‍, നാഷണല്‍ കോഓര്‍ഡിനേറ്റര്‍മാരായ ഷാനി ഏബ്രഹാം, പ്രവീണ്‍ തോമസ്, ഷൈനി പട്ടരുമഠം, ജോയി ചെമ്മച്ചേല്‍, എബി റാന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജോഷി വള്ളിക്കളം സുവനീയര്‍കമ്മിറ്റിക്കുവേണ്ടിയും ഷാനി ഏബ്രഹാം രജിസ്ട്രേഷന്‍ കമ്മിറ്റിക്കുവേണ്ടിയും പ്രസിഡന്റ് മറിയാമ്മ പിള്ള ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ ഒപിയര്‍ പിയറ്റ് റീജന്‍സിയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്തു.

നാല് മന്ത്രിമാരടക്കം നിരവധി സാംസ്കാരിക, സാമൂഹികരംഗത്തെ പ്രമുഖര്‍ കേരളത്തില്‍നിന്നും സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, വാഹന സൌകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിനും സമ്മേളനത്തിന്റെ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും നൂറുകണക്കിന് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.

കേരള ഗവണ്‍മെന്റിന്റെ സാംസ്കാരിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഒരു വലിയ സംഘത്തെ ഫൊക്കാനയുടെ സമ്മേളനത്തിന് അയയ്ക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചതായി പ്രസിഡന്റ് മറിയാമ്മ പിള്ള വെളിപ്പെടുത്തി.

ജാസ്മിന്‍ പട്ടരുമഠത്തില്‍, ആന്‍മേരി വടക്കുംചേരി, കൃപാ വര്‍ഗീസ്, ഇസബല്ലാ തുടങ്ങിയ കുട്ടികളുടെ നയനമോഹനമായ നൃത്തപരിപാടികളും വിദ്യാനായര്‍, ടോമി ഡിക്രൂസ്, ബിജു മേനോന്‍ തുടങ്ങിയവരുടെ മനോഹരമായ ഗാനങ്ങളും ജയരാജിന്റെ സദസിനെ ചിരിയുടെ സാഗരത്തിലാഴ്ത്തിയ മിമിക്രിയും യോഗ നടപടികളുടെ ശോഭ വര്‍ധിപ്പിച്ചു.

ജാസ്മിന്‍ പട്ടരുമഠം അമേരിക്കന്‍ നാഷണല്‍ ആന്തവും ആന്‍മേരി വടക്കുംചേരി ജനഗണമനയും ആലപിച്ചു.

സമ്മേളനത്തിനുവേണ്ട എല്ലാവിധ ഒരുക്കങ്ങള്‍ക്കുംവേണ്ട സബ് കമ്മിറ്റികള്‍ക്കും അന്ത്യമം രൂപം നല്‍കി. ഷിക്കാഗോയുടെ മണ്ണില്‍ അരങ്ങേറുന്ന നാഷണല്‍ കണ്‍വന്‍ഷന് എല്ലാവിധ വിജയത്തിനായും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ സംഘടനകളുടെയും സഹായസഹകരണങ്ങള്‍ നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള അഭ്യര്‍ഥിച്ചു. ഷൈനി പട്ടരുമഠം സ്വാഗതവും എബി റാന്നി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: തോമസ് മാത്യു പടന്നമാക്കല്‍