തബര്‍ജല്‍ ആശുപത്രിയിലെ സ്ത്രീതൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി
Saturday, April 12, 2014 8:47 AM IST
റിയാദ്: ഒന്‍പത് മാസത്തോളം ശമ്പളം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ശമ്പള കുടിശികക്കും എക്സിറ്റ് അടിച്ച് നാട്ടിലയയ്ക്കുന്നതിനുമായി ദിവസങ്ങളായി പണിമുടക്കി റൂമില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ സ്ത്രീത്തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി.

വേതനം നല്‍കാതിരുന്ന കമ്പനി മാനേജ്മെന്റ് കരാര്‍ കാലാവധി കഴിഞ്ഞിട്ടും നാട്ടിലയയ്ക്കാതെ നാല് വര്‍ഷത്തിലധികമായി പീഡിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച കാലത്തുള്ള റിയാദ്-മുംബൈ എയര്‍ ഇന്ത്യയിലാണ് പതിനൊന്ന് സ്ത്രീതൊഴിലാളികളില്‍ പത്ത് പേര്‍ നാട്ടിലേക്ക് മടങ്ങിയത്. ഒരാളുടെ പാസ്പോര്‍ട്ട് കമ്പനിയില്‍ നിന്നും നഷ്ടപ്പെട്ടതിനാല്‍ പകരം എംബസിയില്‍ നിന്നും ഇ.സി അനുവദിച്ച് കിട്ടിയതില്‍ എക്സിറ്റ് ലഭിച്ചശേഷം പിന്നീട് അയയ്ക്കുമെന്ന് തൊഴിലാളി ക്ഷേമവിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സഖാകക്കടുത്ത് തബര്‍ജലിലെ ജനറല്‍ ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ നല്‍കുന്ന അല്‍ ജലാല്‍ കമ്പനിയിലെ തൊഴിലാളികളാണ് ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് പണിമുടക്കിയത്. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനടപടികള്‍ സഹിക്കവയ്യാതെയാണ് പണിമുടക്കിയതെന്ന് ഈ തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഇവരുടെ വിവരമറിഞ്ഞ സഖാകയിലെ സാമൂഹ്യ പ്രവര്‍ത്തകനായ പ്രിന്‍സ്, റിയാദിലെ ആര്‍. മുരളീധരന്‍ എന്നിവര്‍ പ്രശ്നം ഇന്ത്യന്‍ എംബസിയിലും പ്രവാസികാര്യ മന്ത്രാലയത്തിലും അറിയിച്ചു. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഇവരുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഉടനെ പരിഹാരം കാണുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എംബസിയില്‍ നിന്നും സഖാകയിലെത്തിയ തൊഴിലാളി ക്ഷേമവിഭാഗം ഉദ്യോഗസ്ഥര്‍ കമ്പനി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് ശമ്പള കുടിശിക നല്‍കി അവരെ നാട്ടിലയക്കാന്‍ തീരുമാനമായത്.

ചൊവ്വാഴ്ച മിനിബസില്‍ സഖാകയില്‍ നിന്നും റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിച്ച 10 പേരേയും ബുധനാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ മുംബൈയിലേക്കയച്ചു. മുംബൈയില്‍ നിന്നും മലയാളികളായ 9 പേര്‍ കൊച്ചിയിലേക്കും ഹൈദരാബാദുകാരിയായ ഒരാള്‍ ചെന്നൈ വിമാനത്തിലും യാത്രയായി. തബര്‍ജലില്‍ നിന്നും റിയാദിലേക്കുള്ള വാഹനസൌകര്യവും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ഇന്ത്യന്‍ എംബസിയാണ് നല്‍കിയത്. റിയാദ് എയര്‍പോര്‍ട്ടില്‍ ഇവരെ യാത്രയയക്കാനെത്തിയ റിയാദ് ഇന്ത്യന്‍ ഫ്രന്റ്ഷിപ്പ് അസോസിയേഷന്‍ പ്രതിനിധികള്‍, എമിറേറ്റ്സ് എയര്‍ലൈന്‍സും സിറ്റി ഫ്ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും മറ്റു അഭ്യുദയകാംക്ഷികളും നല്‍കിയ സമ്മാനങ്ങളും പോക്കറ്റ് മണിയും ഇവര്‍ക്ക് കൈമാറി.

ഒമ്പതു മാസത്തെ ശമ്പള കുടിശികയുണ്ടായിരുന്ന ഇവര്‍ക്ക് അല്‍ ജലാല്‍ കമ്പനി മാനേജ്മെന്റ് എട്ടു മാസത്തെ ശമ്പളം മാത്രമാണ് നല്‍കിയതെന്ന് നാട്ടിലെത്തിയ സ്ത്രീകള്‍ പറഞ്ഞു. നാലര വര്‍ഷത്തിലധികം ജോലി ചെയ്തിട്ട് ഒരു റിയാല്‍ പോലും സര്‍വീസ് ആനുകൂല്യമോ മറ്റ് അവകാശങ്ങളോ വകവച്ച് കൊടുക്കാതെയാണ് അവരെ നാട്ടിലയച്ചത്. അവധിക്കു പോകുമ്പോള്‍ ടിക്കറ്റുപോലും നല്‍കിയിരുന്നില്ലെന്നും സ്ത്രീകള്‍ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഇന്ത്യന്‍ എംബസിയാണ് ടിക്കറ്റ് നല്‍കിയത്. നാലര വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിട്ടും കാലിയായ പോക്കറ്റുമായി നാട്ടിലെത്തിയിരിക്കുന്ന ഈ സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണവും പുനരധിവാസ പാക്കേജും നല്‍കണമെന്ന് കേരള പ്രവാസി കാര്യമന്ത്രി കെ.സി. ജോസഫിനോട് ആവശ്യപ്പെട്ടതായി ആര്‍. മുരളീധരന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍