മുജീബിന്റെ ചികിത്സക്ക് ധനസഹായം നല്‍കി
Saturday, April 12, 2014 8:38 AM IST
റിയാദ:് കാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന റിയാദിലെ പ്രമുഖ പ്രവാസി ഗായകന്‍ മുജീബ് കോഴിക്കോടിന് ചികിത്സാ ധനസഹായമായി ഹാന്‍ഡ്സ് ഓഫ് ഹാര്‍ട്ടും അറേബ്യന്‍ മെലഡീസും ചേര്‍ന്ന് 50,000 രൂപ നല്‍കി.

കേരളത്തിലെ വിവിധ ഭാഗങ്ങളിലെ നിരാലംബരും പാവപ്പെട്ടവരുമായ കാന്‍സര്‍ രോഗികളേയും മറ്റു വിവിധ മാരകരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരേയും സഹായിക്കുന്നതിനായി വിവിധ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ളിനിക്കുകളുമായി സഹകരിച്ച് പ്രമുഖരായ മാപ്പിളപ്പാട്ട് ഗായകര്‍ ചേര്‍ന്ന് രൂപീകരിച്ച ഹാന്‍ഡ്സ് ഓഫ് ഹാര്‍ട്ട്സ് എന്ന ജീവകാരുണ്യ സംഘടനയും റിയാദിലെ അറേബ്യന്‍ മെലഡീസും ചേര്‍ന്ന് റിയാദില്‍ നടത്തിയ സംഗീത സാന്ത്വനം പരിപാടിയില്‍ നിന്നും പിരിഞ്ഞു കിട്ടിയ മൂന്ന് ലക്ഷത്തി അയ്യായിരം രൂപ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള 16 രോഗികള്‍ക്കായി വിതരണം ചെയ്ത് തുടങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു.

ഇതിന്റെ ഒരു ഭാഗമാണ് മുജീബ് കോഴിക്കോടിനും സംഘടന നല്‍കുന്നത്. ഇദ്ദേഹത്തിനുള്ള 50,000 രൂപയുടെ ചെക്ക് അറേബ്യന്‍ മെലഡീസ് ചെയര്‍മാന്‍ ഇല്യാസ് മണ്ണാര്‍ക്കാടില്‍ നിന്നും ഹാരിസ് ചോലയും അബൂട്ടി ഹാജിയും ചേര്‍ന്ന് ഏറ്റുവാങ്ങി. ഹാന്‍ഡ്സ് ഓഫ് ഹാര്‍ട്ടിന്റെ സ്ഥാപകനും പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ കൊല്ലം ഷാഫിയും അറേബ്യന്‍ മെലഡീസ് രക്ഷാധികാരികളായ അലവി നരിപ്പറ്റ, ബഷീര്‍ പാണ്ടിക്കാട് തുടങ്ങിയവരും ചേര്‍ന്ന് അടുത്ത ദിവസം ഈ തുക മുജീബിന് നേരിട്ട് കൈമാറും.

അറേബ്യന്‍ മെലഡീസ് പ്രസിഡന്റ് മൂസ പട്ട, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മുനീര്‍ കുനിയില്‍, അഷ്റഫ് അലി, ഷമീര്‍ ബാബു ഫറോക്, അന്‍വര്‍ ഫറോക്, ഇസ്മായില്‍ കാരോളം, ജലീല്‍ തിരൂര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

റിയാദില്‍ ആദ്യമായി തികച്ചു സൌജന്യമായി സംഗീത സാന്ത്വനം പരിപാടി നടത്താന്‍ സഹകരിച്ച പ്രമുഖ ഗായകരായ കൊല്ലം ഷാഫി, സലീം കോടത്തൂര്‍, ആസിഫ് കാപ്പാട്, നിസാര്‍ വയനാട്, അഫ്സല്‍ കാപ്പാട് എന്നിവര്‍ക്കും ഹാന്‍ഡ്സ് ഓഫ് ഹാര്‍ട്ട്സ് ഗള്‍ഫ് കോഓര്‍ഡിനേറ്റര്‍ റഹീം വലിയോറ എന്നിവര്‍ക്കും സഹകരിച്ച റിയാദിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളോടും വ്യക്തികളോടും സംഘാടകര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍