63-ാമത് സാഹിത്യ സല്ലാപത്തില്‍ മാധവിക്കുട്ടി അനുസ്മരണം
Friday, April 11, 2014 8:06 AM IST
ടാമ്പാ: അറുപത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഏപ്രില്‍ പന്ത്രണ്ടിന് 'മാധവിക്കുട്ടി (കമലാ സുരയ്യ)' അനുസ്മരണം നടത്തുന്നു. പ്രസിദ്ധ എഴുത്തുകാരനും സംഘാടകനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം ആയിരിക്കും 'മാധവിക്കുട്ടി' അനുസ്മരണം നടത്തുന്നത്.

മാധവിക്കുട്ടിയുടെ ജീവിതത്തെക്കുറിച്ചും സാഹിത്യ സംഭാവനകളെക്കുറിച്ചും കൂടുതല്‍ അറിവും പരിചയവുമുള്ള അഡ്വ. രതീദേവി ഉള്‍പ്പെടെയുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. ഈ വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ അഞ്ചിന് സംഘടിപ്പിച്ച അറുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ഇലക്ഷന്‍ 2014' എന്നതായിരുന്നു ചര്‍ച്ചാ വിഷയം. പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ബിആര്‍പി ഭാസ്ക്കര്‍ ആയിരുന്നു ഇലക്ഷന്‍ 2014 എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഭാരത പൌരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനോ അന്തസോടെ ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കുവാനോ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കോ അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാധിക്കുന്നില്ല എന്ന അഭിപ്രായം ചര്‍ച്ചകളില്‍ ഉയര്‍ന്നു.

വിദേശങ്ങളിലേയ്ക്ക് തൊഴിലാളികളെ കയറ്റിവിടുന്ന വ്യാപാരസ്ഥാപനമായി ഭാരത സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാദവും കുടുംബവാഴ്ചയും വര്‍ധിച്ചുവരികയാണ്. അണ്ണാ ഹസാരെ, എ.കെ. ആന്റണി, വി.എം. സുധീരന്‍, ഒ. രാജഗോപാല്‍, അരവിന്ദ് കേജരിവാള്‍ തുടങ്ങിയവര്‍ രാഷ്ട്രീയ കാര്‍മേഘങ്ങളിലെ രജതരേഖകളായി ശോഭിക്കുന്നത് ആശ്വാസകരമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

പ്രവാസി ഭാരതിയര്‍ക്കു തങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കുന്നതിനുള്ള അവസരം എത്രയും പെട്ടെന്ന് ഉണ്ടാക്കണമെന്നും ജാതി മത സംഘടനകള്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഏകീകൃത സിവില്‍ നിയമം നടപ്പാക്കണമെന്നും അഴിമതി തടയുന്നതിനായി ലോക്പാല്‍ ലോകായുക്ത നിയമങ്ങള്‍ നടപ്പിലാക്കണമെന്നും കഴിവും പ്രാപ്തിയുമുള്ളവരെ ഐഎഫ്എസ് പോലുള്ള ഉന്നത ഉദ്യോഗങ്ങളില്‍ നിയമിക്കണമെന്നുമുള്ള ആവശ്യങ്ങളും സാഹിത്യ സല്ലാപത്തില്‍ ഉയര്‍ന്നു.

പ്രഫ. എം.ടി. ആന്റണി, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. ജോസഫ് ഇ. തോമസ്, രാജു തോമസ്, ജോസ് ചാരുംമൂട്, അബ്ദുള്‍ പുന്നയൂര്‍ക്കുളം, വിനീത് ഫിലിപ്പ്, യു.എ. നസീര്‍, ജയരാജന്‍ ഫ്ളോറിഡ, മനോഹര്‍ തോമസ്, ജോര്‍ജ് ജോസഫ്, എ.സി. ജോര്‍ജ്, ത്രേസ്യാമ്മ നാടാവള്ളില്‍, മൈക്ക് മത്തായി, ജോര്‍ജ് കുരുവിള, ടോം ഏബ്രഹാം, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, ജോണ്‍ മാത്യു, പി.വി. ചെറിയാന്‍, പി.പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, റജീസ് നെടുങ്ങാടപ്പള്ളില്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395