അന്ത്യോഖ്യന്‍ വിശ്വാസ സംരക്ഷണ സമിതിയുടെ അനുശോചന- അനുമോദന പ്രമേയങ്ങള്‍
Friday, April 11, 2014 8:05 AM IST
ന്യൂയോര്‍ക്ക്: ഏപ്രില്‍ എട്ടിന് മലങ്കര അതിഭദ്രാസനത്തിലെ ഭക്തസംഘടനയായ അന്ത്യോഖ്യന്‍ വിശ്വാസ സംരക്ഷണ സമിതിയുടെ ഒരു യോഗം ഭദ്രാസന മെത്രാപോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുകയും അടുത്ത പാത്രിയര്‍ക്കീസായി തെരഞ്ഞെടുക്കപ്പെട്ട മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയോടുള്ള ഭക്ത്യാദരവുകള്‍ നേര്‍ന്നുകൊണ്ടും പ്രമേയങ്ങള്‍ പാസാക്കി.

കഴിഞ്ഞ മൂന്നര പതിറ്റാണ്േടാളമായി പരിശുദ്ധ സഭയെ സത്യവിശ്വാസത്തില്‍ പരിരക്ഷിച്ച് അജപാലനം നടത്തിയ ഇടയന്മാരുടെ ഇടയനും പിതാക്കന്മാരുടെ പിതാവുമായിരുന്ന പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളിയ നിതാന്ത വന്ദ്യ മഹാ മഹിമ ദിവ്യശ്രീ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ അമേരിക്കയിലെ മലങ്കര അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട അന്ത്യോഖ്യന്‍ സത്യവിശ്വാസ സംരക്ഷണ സമിതിയുടെ ആത്മീയ മക്കള്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ലോകമെമ്പാടുമുള്ള സത്യ സുറിയാനി സഭയെ നയിക്കുവാന്‍ ദൈവത്താല്‍ വിളിച്ച് വേര്‍തിരിച്ച, പരിശുദ്ധ പിതാവിന്റെ ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവും ജീവിതവിശുദ്ധിയും അഗാധ പാണ്ഡിത്യവും വിനയാന്വിതമായ പെരുമാറ്റവും ഇതര ക്രൈസ്തവ സഭകളോടും മത വിഭാഗങ്ങളോടുമുള്ള വീക്ഷണവും ദൈവത്താല്‍ നിലനിര്‍ത്തപ്പെട്ടു പോരുന്ന പരിശുദ്ധ സുറിയാനി സഭയ്ക്ക് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് വളരുവാന്‍ ഇടയാക്കി എന്നതില്‍ ദൈവത്തെ സ്തുതിക്കുന്നു. ആ പുണ്യ പിതാവിന്റെ പ്രാര്‍ഥന സഭാ മക്കള്‍ക്ക് എന്നും കോട്ടയായരിക്കട്ടെ.

ഇതോടൊപ്പംതന്നെ, പരിശുദ്ധ സുറിയാനി സഭയില്‍, 123-ാമത്തെ പാത്രിയര്‍ക്കീസായി പരിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി, പരിശുദ്ധ സുന്നഹദോസ് മുഖാന്തരം, പരിശുദ്ധ റൂഹായാല്‍ തെരഞ്ഞെടുക്കപ്പെട്ട മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയോടുള്ള സ്നേഹവും ഭക്ത്യാദരവുകളും അനുസരണവും അറിയിക്കുന്നതോടൊപ്പം സുറിയാനി സഭയെ മേയിച്ച് ഭരിക്കുവാന്‍ ശക്തി നല്‍കണമേ എന്ന് ദൈവത്തിരുമുമ്പാകെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം