ടിസിഎഫ് ബൂപ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ വെള്ളിയാഴ്ച
Friday, April 11, 2014 6:00 AM IST
ജിദ്ദ: ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ടിസിഎഫ് ബൂപ ആറാം എഡിഷന്റെ കൊട്ടികലാശം ഏപ്രില്‍ 11ന് (വെള്ളി) ഏഴിന് ബാഗ്ടാടിയ ഗ്രൌണ്ടില്‍ ഫ്ളഡ് ലൈറ്റ് വെളിച്ചത്തില്‍ നടക്കും.

ലീഗ് റൌണ്ടിലെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് പൂള്‍ എയില്‍ നിന്ന് നോകിയ ടുക്സേര്‍സും പൂള്‍ ബി യില്‍ നിന്ന് ദാസില്‍ സൂപ്പര്‍ കിംഗ്സും കലാശക്കളിക്ക് ഇടം തേടിയത്.

രണ്ടാം തവണയാണ് ടിസിഎഫ് സെമി ഫൈനലില്‍ ഇടം നേടുന്നത്. പൂള്‍ സി യില്‍ നിന്ന് കരുത്തരായ എ.ടി.എസ് ക്രിക്കറ്റ് ടീം, ഫോര്‍ഡ് റോയല്‍സ് ടീമുകളെ തകര്‍ത്താണ് കിന്ദ് ക്രിക്കറ്റ് ക്ളബ് ആദ്യമായി ടിസിഎഫ് ടൂര്‍ണമെന്റില്‍ സെമി ബര്‍ത്ത് ഉറപ്പിക്കുന്നത്. പൂള്‍ 'ഡി' യില്‍ നിന്ന് കളിച്ച മൂന്ന് കളികളും ജയിച്ചാണ് മുന്‍ ചാമ്പ്യന്മാരായ ടാര്‍ഗറ്റ് ഗയ്സ് സെമിയില്‍ പ്രവേശിക്കുന്നത്.

വ്യാഴാഴ്ച രാത്രി വൈകി നടക്കുന്ന ആദ്യ സെമിയില്‍ കിന്ദ് ക്രിക്കറ്റ് ക്ളബ് ദാസില്‍ സൂപ്പര്‍ കിംഗ്സിനെയും രണ്ടാമത്തെ സെമിയില്‍ നോകിയ ടുസ്കെര്‍സ് ടാര്‍ഗറ്റ് ഗയ്സിനേയും നേരിടും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് ഫൈനല്‍.

ബൂപ മുഖ്യ പ്രായോജകര്‍ ആയ ടൂര്‍ണമെന്റ് എഫ്.എസ്.എന്‍ ആണ് സഹ പ്രായോജകര്‍. സ്ട്രയിക്ക് അല്‍ അബീര്‍, എയര്‍ അറേബ്യ, അര്‍കൊമ ക്രൌണ്‍, ഖിന്ദ്, നോക്കിയ, എബിസി കാര്‍ഗോ എന്നിവരും ടിസിഎഫ് 2014 ടൂര്‍ണമെന്റുമായി സഹകരിക്കുന്നു. വിജയികള്‍ക്കുള്ള ട്രോഫിയും റണ്ണേഴ്സ് കപ്പും കൂടാതെ എയര്‍ അറേബ്യ സമ്മാനിക്കുന്ന എയര്‍ ടിക്കറ്റ്, മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ബെസ്റ് ബാറ്റ്സ്മാന്‍, ബെസ്റ് ബൌളര്‍, ബെസ്റ് ഫീല്‍ഡര്‍, ബെസ്റ് ഓള്‍ റൌണ്ടര്‍ എന്നീ സമ്മാനങ്ങളും സ്പിരിറ്റ് ഓഫ് ദി ഗെയിം അവാര്‍ഡും സമ്മാനിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റര്‍ ചെയ്ത കാണികളില്‍ നിന്ന് നറുക്കെടുക്കുന്ന വിജയികള്‍ക്ക് എയര്‍ ടിക്കറ്റ് അടക്കം ആകര്‍ഷകമായ സമ്മാനങ്ങളും വെള്ളിയാഴ്ച നടക്കുന്ന സമ്മാനദാന ചടങ്ങില്‍ നല്‍കും.

ഫൈനല്‍ മത്സരത്തിനും സമ്മാനദാന ചടങ്ങുകള്‍ക്കും ബൂപ അറേബ്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ഫ്രേസര്‍ ഗ്രിഗോരി മുഖ്യാതിഥി ആയിരിക്കും. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും ഫൈനല്‍ മത്സരങ്ങള്‍ക്കും സമ്മാനദാന ചടങ്ങുകള്‍ക്കും സന്നിഹിതരായിരിക്കും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍