ചാക്കോ ശങ്കരത്തില്‍ അനുസ്മരണം: മാപ്പിലെ അക്ഷര പൂജാങ്കണം വിതുമ്പി
Friday, April 11, 2014 5:57 AM IST
ഫിലാഡല്‍ഫിയ: അമേരിക്കയില്‍ മലയാള സാഹിത്യകല്‍പ്പവൃക്ഷത്തിന് അക്ഷര നീരും പുസ്തക പ്രസാധന പോഷണവും കോരിപ്പകര്‍ന്ന ഭാഷാ കൃഷീവലനായിരുന്ന ചാക്കോ ശങ്കരത്തിലിന്റെ സ്മരണയില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയിലൊരുക്കിയ അക്ഷര പൂജാങ്കണം വിതുമ്പി.

ചാക്കോ ശങ്കരത്തിലിന്റെ സുഹൃത്തുക്കളും സാഹിത്യ സ്നേഹികളും വേദിയില്‍ വാക്സ്വരൂപ മലരുകള്‍ നിറച്ചു. ന്യൂയോര്‍ക്, ന്യൂജേഴ്സി, വാഷിംഗ്ടണ്‍ ഡിസി, പെന്‍സില്‍വേനിയാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലാന, നാട്ടുക്കൂട്ടം, സാഹിത്യ വേദി, വിചാര വേദി, സര്‍ഗവേദി എന്നീ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും മലയാള സാഹിത്യ പ്രവര്‍ത്തകരും ആസ്വാദകരും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു.

ചാക്കോ ശങ്കരത്തില്‍ സ്മരണാ യോഗത്തില്‍ ശങ്കരത്തിലിന്റെ പത്നി റെയ്ച്ചല്‍ ചാക്കോ ഓര്‍മത്തിരിനാളം തെളിച്ചു. സാഹിത്യ സപര്യയിലൂടെ ചാക്കോ ശങ്കരത്തില്‍ ഭാഷാപൂജയൊരുക്കിയ അക്ഷരപ്പൂവിതളുകളെയും 'രജനീ' മാസികാദലങ്ങള്‍ ശേഖരിച്ചൊരുക്കുവാന്‍ അദ്ദേഹം അനുഭവിച്ച സമാനതകളില്ലാത്ത മുള്‍ക്കിരീടത്തെയും റെയ്ച്ചല്‍ ചാക്കോ അനുസ്മരണാ മഞ്ജരിയില്‍ ഓര്‍മിച്ചു. മാപ് സാംസ്കാരിക-സാഹിത്യ വിഭാഗം ചെയര്‍ പേഴ്സണ്‍ സോയാ നായര്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. മാപ്പ് പ്രസിഡന്റ് സാബു സ്കറിയാ സ്വാഗത പ്രസംഗം നിര്‍വഹിച്ചു. ജനനി മാസിക ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ് മുഖ്യ അനുസ്മരണ പ്രഭാഷണം അവതരിപ്പിച്ചു.

ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍, മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമാ ഡയറക്ടര്‍ ജോര്‍ജ് ഓലിക്കല്‍, ചെറുകഥാ സാഹിത്യകാരന്‍ സിഎംസി,നോവലിസ്റ് നീനാ പനക്കല്‍, നാട്ടുക്കൂട്ടം ചിന്താവേദി പ്രവര്‍ത്തകന്‍ ഇ.വി പൌലോസ്, അറ്റേണി മുരളി ജെ നായര്‍, മാപ് മുന്‍ പ്രസിഡന്റ് ഡാനിയേല്‍ പി. തോമസ് എന്നിവര്‍ ചാക്കോ ശങ്കരത്തിലിന്റെ സാഹിത്യ സേവനങ്ങളെ അനുസ്മരിച്ചു പ്രസംഗിച്ചു. മാപ്പ് വൈസ് പ്രസിഡന്റ് തോമസ് എം. ജോര്‍ജ് എംസി ആയിരുന്നു. വയലാറിന്റെ 'രാവണ പുത്രി' എന്ന കവിത ഗായകന്‍ സാബു പാമ്പാടി ആലപിച്ചു.

കവിത 2014 എന്ന സാഹിത്യാഘോഷങ്ങളുടെ ഭാഗമായി നടന്ന പുസ്തക മേളയില്‍ സിഎംസി, മുരളി ജെ. നായര്‍, ഡോ. എന്‍.പി ഷീല, റെജീസ് നെടുങ്ങാടപ്പള്ളി എന്നി രചയിതാക്കള്‍ സ്വന്തം പുസ്തകങ്ങള്‍ മാപ്പ് ലൈബ്രറിക്ക് സംഭാവന നല്‍കി. മാപ്പ് ഫണ്ട് റെയ്സിംഗ് ചെയര്‍മാന്‍ ഏലിയാസ് പോള്‍ നന്ദി പറഞ്ഞു. ഈ സമ്മേളനത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണം ഏപ്രില്‍ 19 ന് (ശനി) വൈകുന്നേരം മൂന്നിന് മലയളം ഐപിടിവിയില്‍.