കെഫാക് അഡ്രസ് ഷോപ്പീ അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമന്റ് ഏപ്രില്‍ 11ന്
Thursday, April 10, 2014 8:33 AM IST
കുവൈറ്റ്: കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷന്‍ കുവൈറ്റ് (കെഫാക്), സംഘടിപ്പിക്കുന്ന രണ്ടാമത് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 11 ന് (വെള്ളി) ഉച്ചകഴിഞ്ഞ് 3:30 മുതല്‍ മിശ്രിഫിലുള്ള കുവൈറ്റ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ സ്പോര്‍ട്സ് ഫ്ളഡ്ലിറ്റ് സ്റേഡിയത്തില്‍ ആരംഭിക്കും.

കുവൈറ്റിലെ മുഴുവന്‍ ജില്ലാ അസോസിയേഷനുകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേളയില്‍ കെഫാകില്‍ അണിനിരന്നിട്ടുള്ള 400 ല്‍ പരം മലയാളി താരങ്ങള്‍ 10 ജില്ലകള്‍ക്കായി അണിനിരക്കും. രണ്ടു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കെഡിഎ കോഴിക്കോട്, കെഡിഎന്‍എ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 10 ജില്ലാ ടീമുകള്‍ രണ്ടു

ഗ്രൂപ്പുകളിലായി ലീഗ് അടിസ്ഥാനത്തില്‍ മാറ്റുരക്കും. ഇരു ഗ്രൂപ്പുകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം നേടുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും.

ഇന്ത്യന്‍ ഫുട്ബോളിലെ കറുത്ത മുത്ത് ഐ.എം വിജയന്‍ കിക്കോഫ് നിര്‍വഹിച്ച കെഫാക് ഗള്‍ഫ്മാര്‍ട്ട് ലീഗ് ടൂര്‍ണമെന്റ് രണ്ടാം സീസണില്‍ 56 മത്സരങ്ങള്‍ പിന്നിട്ട് സെമീഫൈനല്‍ ഘട്ടത്തിലെത്തിയിരിക്കുന്നു. കെഫാക് കെ.ഡി.എ സെവന്‍സ്, കെഫാക് ഫഹാഹീല്‍ ബ്രദേഴ്സ് സെവന്‍സ്, കെഫാക് വെറ്ററന്‍സ്, കെഫാക് സെവന്‍സ്, എന്നീ ഏകദിന ടൂര്‍ണമെന്റുകളും ഇതുവരെ സംഘടിപ്പിച്ചിട്ടുണ്ട്.

അന്തര്‍ജില്ല സോക്കര്‍ ലീഗില് ഇന്ത്യയിലെയും കേരളത്തിലെയും പ്രഫഷനല്‍ ക്ളബുകളായ സെസ ഗോവ, മുംബൈ എഫ്സി, എഫ്സി കൊച്ചിന്‍, വിവകേരള, ടൈറ്റാനിയം, സെന്‍ട്രല്‍ എക്സൈസ്, എസ്ബിടി തുടങ്ങിയ ക്ളബുകളിലും കേരളത്തിലെ സെവന്‍സ് ഫുട്ബോളിലും തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി അണിനിരക്കുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും നാലു മത്സരങ്ങള്‍ വീതം നടക്കും. കെഫാകിലെ വിവിധ ക്ളബുകളില്‍ അണിനിരന്നിട്ടുള്ള ഫുട്ബോള്‍ താരങ്ങള്‍ തങ്ങളുടെ ജില്ലകള്‍ക്കായി പോരാടുന്ന ആവേശകരമായ ഫുട്ബോള്‍ ഉത്സവമാണ് വരുന്ന രണ്ടു മാസക്കാലം കുവൈറ്റില്‍ അരങ്ങേറാന്‍ പോകുന്നത്.

ഉദ്ഘാടന സെഷനില്‍ കുവൈറ്റിലെ ജില്ലാ അസോസിയേഷന്‍ ഭാരവാഹികള്‍, മലയാളി പൌരപ്രമുഖര്‍, കുവൈറ്റിലെ മലയാളി ബിസിനസ് പ്രമുഖര്‍, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കെഫാക് മുന്‍ പ്രസിഡന്റും അഡ്രസ് ഷോപ്പീ ജനറല്‍ മാനേജരുമായ മുഹമ്മദ് ഷബീര്‍ കിക്കോഫ് നിര്‍വഹിക്കും. മുഴുവന്‍ മലയാളി ഫുട്ബൊള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരം ആസ്വദിക്കുവാന്‍ അവസരമൊരുക്കിയിരിക്കുന്നു.

ഫര്‍വാനിയ എക്കോ റസ്ററന്റില്‍ നടന്ന പത്രസമ്മേളനത്തില്‍ കെഫാക് പ്രസിഡന്റ് അബ്ദുള്ളാഹ് ഖാദിരി അധ്യക്ഷത വഹിച്ചു, ടൂര്‍ണമെന്റിന്റെ വിശദാംശങ്ങളും ജനറല്‍ സെക്രട്ടറി വി.എസ് നജീബ് അവതരിപ്പിച്ചു. കെഫാക് എക്സിക്യൂട്ടീവ് അംഗങ്ങളായ റോബര്‍ട്ട്, ആഷിഖ്ഖാദിരി, സിദ്ദീഖ്, സഫറുല്ല, സി.ഒ ജോണ്‍, സമിയുള്ള, നൌഷാദ്, ഷബീര്‍ ഷാഹുല്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍