നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ വിഷുവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, April 10, 2014 4:01 AM IST
വാഷിംഗ്ടണ്‍ ഡി സി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ വീണ്ടുമൊരു വിഷു സമാഗതമാവുന്നു. അമേരിക്കന്‍ മലയാളികളും വളരെ വിപുലമായി വിഷു ആഘോഷിക്കാറുണ്ട്. വാഷിംഗ്ടണ്‍ ഡി സിയിലെ പ്രമുഖ മലയാളി സംഘടനയായ നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വിര്‍ജീനിയ സ്റ്റെര്‍ലിങ്ങില്‍ ഉള്ള പാര്‍ക്ക് വ്യൂ സ്കൂളില്‍ വിഷു ആഘോഷിക്കുന്നു. പ്രത്യേക വിഷുക്കണി, വിഷു കൈനീട്ടം അതിനെ തുടര്‍ന്ന് എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ഇലയിലുള്ള സുകു നായര്‍ ഒരുക്കുന്ന വിഷു സദ്യഎന്നിവ ഉണ്ടായിരിക്കും . ഉച്ച തിരിഞ്ഞു സാംസ്കാരിക പരിപാടികള്‍ ആരംഭിക്കും. അക്കരകാഴ്ചകള്‍ എന്ന ടിവി സീരിയലിലൂടെ പ്രശസ്തനായ ഹരിദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ന്യൂജേഴ്സി തിരുവരങ്ങിന്റെ 'വിരാടം' എന്ന നാടകവും അരങ്ങേറും . കെഎച്ച്എന്‍എയുടെ ദേശിയ കണ്‍വെന്‍ഷനില്‍ അവതരിക്കപ്പെട്ടപ്പോള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഈ നാടകം മലയാളിയുടെ അഭിമാനം ആയ എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് .

നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ സുവനീര്‍ പരമ്പര പ്രകാശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന വിഷു ദിനം പത്താം വര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘടനയ്ക്ക് ഇരട്ടി മധുരം സമ്മാനിക്കുന്നു എന്നും അതില്‍ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണം എന്നും പ്രസിഡന്റ് രതീഷ് നായരും സെക്രെടറി അരുണ്‍ സുരേന്ദ്ര നാഥും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം