റോക്ക്ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ കാതോലിക്കാ ദിനം ആഘോഷിച്ചു
Thursday, April 10, 2014 3:59 AM IST
ന്യൂയോര്‍ക്ക്: വിശുദ്ധ അമ്പത് നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച മലങ്കര സഭ ആകമാനം ആഘോഷിക്കുന്ന കാതോലിക്കാ ദിനത്തിന്റെ ഭാഗമായി, ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ കാതോലിക്കാ ദിനാഘോഷങ്ങള്‍ സമുചിതമായി കൊണ്ടാടി.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ് കാതോലിക്കാ പതാക ഉയര്‍ത്തിയതോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ വിശിഷ്ഠാതിഥികളും ഇടവക ജനങ്ങളും ഭക്തിപുരസ്സരം പങ്കെടുത്തു.

വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നോര്‍ത്ത് ഈസ്റ് ഭദ്രാസനത്തിന്റെ അത്മായ ട്രസ്റി വറുഗീസ് പോത്താനിക്കാട് കാതോലിക്കാ ദിന ചരിത്രത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് മുഖ്യ പത്രാധിപരും, ഡ്യൂമൊണ്ട് സെന്റ് ജോര്‍ജ് ഇടവക വികാരിയുമായ റവ. ഫാ. ഐസക് വര്‍ഗീസ് (ഷെബാലി അച്ചന്‍), മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൌണ്‍സില്‍ മെംബറുമായ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ഇടവക സെക്രട്ടറി ലിസി ഫിലിപ്പ് ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, ഇടവക ട്രസ്റീ കുരിയാക്കോസ് ചാക്കോ (ലാലു) കാതോലിക്കാ ദിന സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

ഇടവക ഗായകസംഘവും ജനങ്ങളും ചേര്‍ന്ന് കാതോലിക്കാ മംഗള ഗാനം ആലപിച്ചു. കാതോലിക്കാ സിംഹാസനത്തിനുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി യോഗം പര്യവസാനിച്ചു.

'മാര്‍ത്തോമ്മ ശ്ളീഹായുടെ സിംഹാസനം നീണാള്‍ വാഴട്ടേ.., ജയ് ജയ് കാതോലിക്കാസ്' തുടങ്ങിയ മുദ്രാവാക്യങ്ങളില്‍ കൂടെ ഭക്തജനങ്ങള്‍ പരിശുദ്ധ സഭയോടുള്ള സ്നേഹവും ദാര്‍ഢ്യവും ഉറക്കെ പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ