തൊഴിലില്ലായ്മ വേതനം അഞ്ചുമാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിന് യുഎസ് സെനറ്റിന്റെ അംഗീകാരം
Thursday, April 10, 2014 3:59 AM IST
വാഷിംഗ്ടണ്‍ ഡി.സി: തൊഴിലില്ലായ്മ വേതനം അഞ്ചുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുവാന്‍ ഏപ്രില്‍ ഏഴിന് തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യുഎസ് സെനറ്റ് അംഗീകാരം നല്‍കി. സെനറ്റിലെ 59 പേര്‍ തീരുമാനത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 36 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.

2013 അവസാനത്തോടെ തൊഴിലില്ലായ്മ വേതനം ലഭിക്കാതെ വന്ന 1.3 മില്യന്‍ തൊഴില്‍ രഹിതര്‍ക്ക് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും. 2013-നു ശേഷം ഡമോക്രാറ്റിക് കക്ഷി തൊഴിലില്ലായ്മ വേതനം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം പലതവണ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

ഓരോ മൂന്നു മാസവും ആറ് ബില്യന്‍ ഡോളറാണ് തൊഴിലില്ലായ്മ വേതനം നല്‍കുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്റ് ചിലവഴിക്കുന്നത്. വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഇതിനെ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും ഒരു വിഭാഗം റിപ്പബ്ളിക്കന്‍ സെനറ്റര്‍മാര്‍ ഇതിന് അനുകാലമായ നിലപാടെടുത്തതാണ് സെനറ്റില്‍ ഈ നിയമം ഭൂരിപക്ഷത്തോടെ പാസാക്കാന്‍ സാധിച്ചത്.

രാഷ്ട്രീയത്തിനതീതമായി തൊഴില്‍ രഹിതരുടെ കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായ തൊഴിലില്ലായ്മ വേതനം അഞ്ചുമാസംകൂടി നല്‍കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയ സെനറ്റ് തീരുമാനത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രത്യേകം സന്തോഷം പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍