പെസഹാ നോമ്പുകാല ധ്യാനം ടാമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ ദേവാലയത്തില്‍ ഓശാന ഞായറോടു കൂടി സമാപിക്കുന്നു
Wednesday, April 9, 2014 8:00 AM IST
ടാമ്പാ: അമേരിക്കയിലെ അഞ്ച് ഇടവകകളില്‍ നടത്തിവരുന്ന പെസഹാ നോമ്പുകാല ഇടവക ധ്യാനത്തിന് ടാമ്പായില്‍ സമാപനം. ടാമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഏപ്രില്‍ 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് ധ്യാനം.

'നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു, നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി അവന്‍ ക്ഷതമേല്‍പ്പിക്കപ്പെട്ടു, ആവന്റെ ക്ഷതങ്ങളാല്‍ ഞാന്‍ സൌെഖ്യം പ്രാപിച്ചു എന്നതാണ് പെസഹ ധ്യാനത്തിന്റെ ആപ്തവാക്യം'.

ധ്യാനത്തിന്റെ മുന്‍പ് ഇടദിവസങ്ങളിലുള്ള ഫീല്‍ഡ്ഗ്രാസ് റൂട്ട് ലെവല്‍ ഇവാഞ്ചലൈസേഷനു വളരെ നല്ല പ്രതികരണമാണ് ഇടവകാംഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. പ്രാര്‍ഥനാ ഗ്രൂപ്പുകള്‍, കുടുംബ യൂണിറ്റ്, വാര്‍ഡ് തല കൂട്ടായ്മകള്‍, യൂത്ത് ടീനേജ് ഗ്രൂപ്സ്, മറ്റു മിനിസ്ട്രീസ് തുടങ്ങി വിവിധ സംഘടനകളിലേക്ക് ഇറങ്ങി ചെന്നുള്ള സുവിശേഷവത്കരണത്തിനും നല്ല പ്രതികരണമാണ് ഇടവക സമൂഹങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

പെസഹാ ധ്യാനത്തിനു നേതൃത്വം നല്‍കുന്നത് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ട്രെന്റോണ്‍ രൂപതയുടെ കീഴില്‍ പാസ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാ. സന്തോഷ് ജോര്‍ജ് ഒഎസ്എസ്ടി യാണ്. ത്രീത്വൈക സഭാംഗമായ അദ്ദേഹം അടിമത്വ വിമോചനവും പരിശുദ്ധ ത്രിത്വമഹത്വവും എന്നുള്ള സഭയുടെ ആപ്തവാക്യവുമായി അമേരിക്കയിലെ ഇടവകകളില്‍ ധ്യാനശുശ്രൂഷകള്‍ക്കും ഇടവക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നു.

തക്കല മിഷന്‍ ഡയോസിസിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളിലും ഒറീസയിലെ പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ അഭയാര്‍ത്ഥി ക്യാമ്പുകളിലും മിഷനറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

യുവജനങ്ങള്‍ക്ക് ആത്മീയ നേതൃത്വം കൊടുക്കുന്നത് ഫാ. ബിറ്റാജു പുത്തന്‍പുരയ്ക്കല്‍ ഒഎസ്എസ്ടിയാണ്. ജീസസ് യൂത്തിന്റെ ഇന്റര്‍നാഷണല്‍ പാസ്റായ അദ്ദേഹം യൂത്ത്ഫാമിലി മേഖലകളില്‍ വര്‍ഷങ്ങളോളമുള്ള പ്രവര്‍ത്തനപരിചയമുണ്ട് നിലവില്‍ ബാംഗളൂര്‍ ത്രീത്വേക സഭയിലെ പ്രൊവിന്‍ഷ്യാള്‍ ആയി പ്രവര്‍ത്തിക്കുന്നു.

പെസഹാ ധ്യാനത്തിലെ മറ്റൊരു വചന പ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം ആണ്. ഒരു കോളജ് അധ്യാപകനായി തുടക്കം കുറിച്ച അദ്ദേഹം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ സ്പര്‍ശനത്താല്‍ വചന പ്രഘോഷകനായി. കത്തോലിക്കാ സഭയില്‍ സ്തുതി ആരാധാനയ്ക്ക് ദൈവാത്മാവിനാല്‍ പ്രേരിതനായി ഒരു പുതിയ തുടക്കംകുറിച്ച വ്യക്തിയാണ് ബ്ര. റെജി കൊട്ടാരം. ഒട്ടു മിക്ക വിദേശരാജ്യങ്ങളിലും ജനങ്ങളില്‍ പ്രത്യകിച്ചു യുവജനങ്ങള്‍ക്കും യുവതലമുറക്കും ഇന്നും എന്നും ജീവിക്കുന്ന ദൈവത്തിന്റെ ശക്തമായ സ്പര്‍ശനവും ദൈവാനുഭവവും സൌഖ്യവും ബ്രദര്‍ റെജി കൊട്ടാരത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. 'ദൈവ കുഞ്ഞാടെ ആത്മനാഥനെ' എന്ന ഗാനം ഇദ്ദേഹം രചിച്ചതാണ്.

മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം കൊടുക്കുന്നത്. ക്രിസ്തീയ സംഗീതത്തിനു വേറിട്ട മാനം നല്‍കിയ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പീറ്റര്‍ ചേരാനല്ലൂരാണ്. സംഗീതം ശാസ്ത്രീയമായി പഠിക്കാതെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു 800ഓളം പാട്ടുകള്‍ സംവിധാനം ചെയ്തു.

ഈ അനുഗ്രഹീത ഗായകന്റെ ഗാനങ്ങളെല്ലാം തന്നെ ജനഹൃദയങ്ങളെ ദൈവത്തിലേക്ക് അടുപ്പിച്ചു.

ഇദ്ദേഹത്തോടൊപ്പം ശാലോം യുഎസ്എയുടെ പ്രശസ്ത കീബോര്‍ഡ് പ്ളെയറും ഗയകനുമായ ബിജു മലയാറ്റൂരുമുണ്ട്. ഇംഗ്ളീഷ് യൂത്ത് സെഷന്റെ സംഗീതം നയിക്കുന്നത് ലോസാഞ്ചലസിലുള്ള ജോസഫും വിര്‍ജീനിയയില്‍ നിന്നുള്ള പോള്‍വിനും ആണ്. ജിസ് ജേക്കബ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍