തുല്യവേതനം ഉറപ്പാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ഒബാമ ഒപ്പു വച്ചു
Wednesday, April 9, 2014 5:46 AM IST
വാഷിംഗ്ടണ്‍ ഡിസി: ഒരേ ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും തുല്യവേതനം ഉറപ്പാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ബറാക് ഒബാമ ഏപ്രില്‍ എട്ടിന് (ചൊവ്വാ) ഒപ്പ് വച്ചു.

സ്ത്രീയും പുരുഷനും എന്ന വ്യത്യാസമില്ല തുല്യ തൊഴിലിന് തുല്യവേതനം എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടന്ന പ്രസിഡന്റ് ഉത്തരവില്‍ ഒപ്പുവച്ചത്. അമേരിക്കന്‍ സ്ത്രീകളെ രണ്ടാം കിട പൌരന്മാരായി ഇനി മുതല്‍ കണക്കാക്കാനാവില്ല. ഉത്തരവില്‍ ഒപ്പിട്ടതിനുശേഷം പ്രസിഡന്റ് പറഞ്ഞു.

വ്യവസായ മേഖലയിലാണ് സ്ത്രീക്കും പുരുഷനും വേതനത്തില്‍ വ്യത്യാസം നിലനില്‍ക്കുന്നത്. ഫെഡറല്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ തൊഴിലെടുക്കുന്നവരുടെ വേജസ് ഡാറ്റ് (ശമ്പള പട്ടിക) പരസ്യമായി പ്രസിദ്ധീകരിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സഹ പ്രവര്‍ത്തകരുടെ വേതനത്തെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുവാന്‍ ഇനി അനുവദിക്കുകയില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ദേശീയ തുല്യ വേതന ദിനമായി ആചരിക്കുന്ന ഏപ്രില്‍ എട്ടിനു തന്നെ ഇങ്ങനെ ഒരു ഉത്തരവ് ഇറങ്ങിയത് യാദൃച്ഛികമാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.

പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രസിഡന്റില്‍ നിക്ഷിപ്തമായിട്ടുളള അധികാരം ഉപയോഗിച്ചു. ഇത്തരം ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ അസംതൃപ്തരാണ്. ജനോപകാരപ്രദമായ നടപടികള്‍ക്കു കാലതാമസം ഒഴിവാക്കുന്നതിന് ഇതുപോലെയുളള തീരുമാനങ്ങള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാണെന്നാണ് ഡമോക്രാറ്റിക് കക്ഷിയുടെ വാദം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍