ബാച്ച് ചാവക്കാട് 'സ്നേഹ സംഗമം' സംഘടിപ്പിച്ചു
Tuesday, April 8, 2014 8:17 AM IST
അബുദാബി: തൃശൂര്‍ ജില്ലയിലെ ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ബാച്ച് ചാവക്കാട് സംഘടിപ്പിച്ച 'സ്നേഹ സംഗമം' അബുദാബിയില്‍ നടന്നു.

ഗുരുവായൂര്‍ നിയോജക മണ്ഡലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ബാച്ച് ചാവക്കാട് അഞ്ചാം വാര്‍ഷിക കുടുംബ സംഗമത്തില്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ചാവക്കാട് നിവാസികള്‍ ഒത്തു കൂടി.

അബുദാബിയിലെ എയര്‍പോര്‍ട്ട് പാര്‍ക്കില്‍ 'സ്നേഹ സംഗമം' എന്ന പേരില്‍ ഒരുക്കിയ ഈ കുടുംബ സംഗമത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം മുന്നൂറോളം പേര്‍ പങ്കെടുത്തു.

സാഹിത്യകാരനായ പുതൂര്‍ ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി തുടക്കം കുറിച്ച സ്നേഹ സംഗമത്തില്‍ അംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കായിക, വിനോദ, വിജ്ഞാന പരിപാടികളും മല്‍സരങ്ങളും സംഘടിപ്പിച്ചു.

വിവിധ റേഡിയോ നിലയങ്ങളിലെ സംഗീത മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയി ആയിട്ടുള്ള ബാച്ച് അംഗമായ ഗായിക റംസീന്‍ ഡാനിഫ് പുറത്തിറക്കുന്ന സംഗീത ആല്‍ബത്തിന്റെ യുഎഇയിലെ പ്രകാശന കര്‍മ്മവും സംഗമത്തില്‍ നടന്നു.

എം.കെ. ഷറഫുദ്ദീന്‍, ബഷീര്‍ കുറുപ്പത്ത്, ബാബുരാജ്, സുനില്‍ നമ്പീരകത്ത്, സാദിഖ്അലി, സി.എം. കരീം, താഹിര്‍ താമരയൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള