വികസനവിരുദ്ധരെ തിരിച്ചറിയുക, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക; ഹൂസ്റണ്‍ യുഡിഎഫ് കണ്‍വന്‍ഷന്‍
Tuesday, April 8, 2014 7:13 AM IST
ഹൂസ്റണ്‍: ആസന്നമായിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാക്കുന്നതിനും പ്രവാസി സമൂഹത്തിന്റെ പിന്തുണ അറിയിക്കുന്നതിനുമായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി) ടെക്സസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഇലക്ഷന്‍ കണ്‍വന്‍ഷന്‍ നടത്തി.

ഏപ്രില്‍ ആറിന് (ഞായര്‍) വൈകുന്നേരം അഞ്ചിന് മിസോറി സിറ്റിയിലുള്ള തനിമ റസ്ററന്റില്‍ നടന്ന കണ്‍വന്‍ഷനില്‍ വിവിധ നേതാക്കളും യുഡിഎഫ് അനുഭാവികളും പങ്കെടുത്തു.

ഏതു വികസനത്തേയും എതിര്‍ത്ത് തോല്‍പ്പിക്കുന്ന ഇടതുനയമല്ല മറിച്ച് വികസനത്തിനായി ഏതറ്റംവരെയും പോകുന്ന യുഡിഎഫ് നയമാണ് നമുക്കുവേണ്ടതെന്ന തിരിച്ചറിവാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത അനുഭാവികളുടെ ആവേശത്തിന് കാരണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ജോസഫ് ഏബ്രഹാം വിലയിരുത്തി.

തെരഞ്ഞെടുപ്പിന് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ തങ്ങളുടെ ബന്ധുമിത്രാദികളെ ഫോണില്‍കൂടെയും സോഷ്യല്‍ മീഡിയകളില്‍ കൂടെയും ബന്ധപ്പെട്ട് എത്രയും കൂടുതല്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിച്ച് ഐക്യജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാക്കണമെന്ന് ജനറല്‍ സെക്രട്ടറി ബേബി മണക്കുന്നേല്‍ ആഹ്വാനം ചെയ്തു.

വൈസ് പ്രസിഡന്റ് പൊന്നുപിള്ള സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സാധാരാണ ഇലക്ഷന്‍ കണ്‍വന്‍ഷനുകളില്‍ നിന്ന് വ്യത്യസ്തമായി പ്രായോഗികമായി ഐക്യജനാധിപത്യമുന്നണിയേയും യുപിഎയെയും വിജയപഥത്തിലെത്തിക്കുവാന്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത ഓരോരുത്തരുടെയും അഭിപ്രായം പ്രകടപ്പിക്കാന്‍ ഉള്ള അവസരം കണ്‍വന്‍ഷന്‍ നല്‍കി.

സാംസ്കാരിക കേരളത്തിന് യോജിക്കാത്ത 'പരമനാറി' പ്രയോഗങ്ങള്‍ കമ്യൂണിസ്റ് പ്രത്യയശാസ്ത്രത്തിന്റെ മൂല്യച്യുതിയെയും അതിന്റെ അന്തസത്തയെയുമാണ് സൂചിപ്പിക്കുന്നതെന്ന് ഭൂരിപക്ഷം പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു.

ആറന്മുള, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചകളെ സജീവമാക്കി. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ജയപരാജയ സാധ്യതകള്‍ അവലോകനം ചെയ്തു. ചര്‍ച്ചകള്‍ക്ക് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ.രഞ്ജിത്ത് പിള്ള നേതൃത്വം നല്‍കി.

കഴിഞ്ഞ ഒരു ദശകത്തില്‍ കോണ്‍ഗ്രസ് യുപിഎ ഗവണ്‍മെന്റ് ഇന്ത്യാ മഹാരാജ്യത്തിന് നല്‍കിയ സംഭാവനയും ശക്തവും യുക്തവും കാലോചിതവുമായ മാറ്റങ്ങള്‍ ഒന്നടങ്കം വിലയിരുത്തിക്കൊള്ളും. കോണ്‍ഗ്രസ് ഗവണ്‍മെന്റ് എന്തുകൊണ്ട് അധികാരത്തിലെത്തണമെന്നും കാര്യങ്ങള്‍ അക്കമിട്ട് നിരത്തി ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു.

കെ.പി.ജോര്‍ജ്, ജോര്‍ജ് കോലാച്ചേരില്‍, ജോര്‍ജ് ഏബ്രഹാം, ഡോ. ജോര്‍ജ് കാക്കനാട്ട്, തോമസ് ഓലിയംകുന്നേല്‍, ഈശോ ജേക്കബ്, രാജന്‍ യോഹന്നാന്‍, ഏബ്രഹാം തോമസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.