'പ്രതിരോധം ചികിത്സയേക്കാള്‍ പ്രധാനം'
Tuesday, April 8, 2014 7:10 AM IST
ദോഹ: രോഗം പ്രതിരോധിക്കുകയെന്നതാണ് രോഗം വന്ന ശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ പ്രധാനമെന്നും സമൂഹത്തിന്റെ സമഗ്രമായ ആരോഗ്യ ബോധവത്കരണത്തിന്റെ പ്രസക്തി അനുദിനം വര്‍ധിക്കുകയാണെന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. ലീനസ് പോള്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ്, ആന്റി സ്മോക്കിംഗ് സൊസൈറ്റി, നസീം അല്‍ റബീഹ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോകാരോഗ്യ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരുടെ അശാസ്ത്രീയമായ ജീവിത ശൈലിയും സ്വഭാവവും നിരവധി രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നുണ്െടന്നും സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ള ബോധവത്കരണ പരിപാടികളിലൂടെ വലിയ മാറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമായ ഏപ്രില്‍ ഏഴ് ആണ് ലോകമെമ്പാടും ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ഓരോ വര്‍ഷവും സുപ്രധാനമായ ഓരോ പ്രമേയങ്ങളാണ് ലോകാരോഗ്യ ദിനം ചര്‍ച്ചക്ക് വയ്ക്കുന്നത്. കൊതുകുകളും മറ്റു പ്രാണികളും പരത്തുന്ന രോഗങ്ങള്‍ (വെക്ടര്‍ ബോണ്‍ ഡിസീസസ്) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ചെറിയ ദംശനം വലിയ ഭീഷണി എന്ന ശ്രദ്ധേയമായ മുദ്രാവാക്യത്തിലൂന്നിയ ബോധവത്കരണ പരിപാടികളാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തെ സവിശേഷമാക്കുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാണികള്‍ പരത്തുന്ന മലേറിയ, ഡങ്കിപനി, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പിത്തം, മന്ത്, പ്ളേഗ് തുടങ്ങിയ രോഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ ആഴം വിവരിച്ച അദ്ദേഹം ഇതിനെതിരെ സാധ്യമാകുന്ന പ്രതിരോധ നടപടികള്‍ സ്വീകരിക്കുവാനും ആരോഗ്യദിനത്തിന്റെ സന്ദേശവാഹകരാകുവാനും സദസിനെ ഉദ്ബോധിപ്പിച്ചു. പ്രമുഖ മാനസിക രോഗ വിദഗ്ധന്‍ ഡോ. അനീസ് അലി പ്രസംഗിച്ചു. മീഡിയാ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എം.പി. ഷാഫി ഹാജി, ഏബ്രഹാം കൊലമന, നസീം അല്‍ റബീഹ്് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ആരിഫ് ,മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഇഖ്ബാല്‍ നീര്‍ച്ചാല്‍ അബ്ദുള്ള, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു.

അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, സഞ്ജയ് ചപോല്‍ക്കര്‍, ഷറഫുദ്ദീന്‍ തങ്കയത്തില്‍, അഫ്സല്‍ കിളയില്‍, സൈദ് അലവി അണ്േടക്കാട്ട്, ശിഹാബുദ്ദീന്‍, യൂനുസ് സലീം, സിയാഹുറഹ്മാന്‍, മുഹമ്മദ് ഷബീര്‍, കെ.എം. ശിഹാബ്, കാജാ ഹുസൈന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.