നാട്ടിലേക്ക് മടങ്ങുന്ന ഹംസക്ക് കേളി യാത്രയയപ്പ് നല്‍കി
Tuesday, April 8, 2014 7:03 AM IST
റിയാദ്: നീണ്ട മുപ്പത്തിയേഴു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹംസക്ക് കേളി മുസാഹ്മിയ ഏരിയ രക്ഷാധികാരി കമ്മിറ്റി, ഏരിയ കമ്മറ്റി, മുസാഹ്മിയ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. 

മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1977ലാണ് ബോംബെയില്‍ നിന്ന് കപ്പലില്‍ ആറു ദിവസത്തോളം സഞ്ചരിച്ച് ദുബായ്, ഒമാന്‍, ബഹ്റിന്‍ വഴി ഹംസക്ക എന്നു സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിളിക്കുന്ന കെ. ആര്‍. ഹംസ സൌദി അറേബ്യയില്‍ എത്തിയത്. ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. തൃശൂര്‍, മാള കുറ്റിപ്പുഴക്കാരന്‍ വീട്ടില്‍ രായന്‍-കദീജ ദമ്പതികളുടെ മകനായ ഹംസക്ക് മൂന്ന് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഭാര്യ ഇഷാബി. മുസാഹ്മിയ മേഖലയില്‍ കേളിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഹംസക്ക സജീവമായിരുന്നു. കേളി ഉമ്മുല്‍ഹമാം ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍, കേന്ദ്ര കമ്മിറ്റി അംഗം, ഉമ്മുല്‍ഹമാം ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടണ്ട്. 

ഒലയ ടെന്റ്് പാര്‍ക്കില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഏരിയ രക്ഷാധികാരിസമിതി കണ്‍വീനര്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേളി മുഖ്യരക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, ഏരിയ സെക്രട്ടറി മുരളി, രക്ഷാധികാരിസമിതി അംഗങ്ങള്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, ഏരിയകമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ചന്ദ്രന്‍, മുരളി, സുധാകരന്‍ എന്നിവര്‍ യഥാക്രമം രക്ഷാധികാരി കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റിയുടെയും യൂണിറ്റിന്റെയും ഉപഹാരം ഹംസക്ക് നല്‍കി. യാത്രയയപ്പിന് ഹംസക്ക നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍