കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ യുവജനവിഭാഗം പ്രവര്‍ത്തനോദ്ഘാടനം വര്‍ണാഭമായി
Tuesday, April 8, 2014 3:50 AM IST
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ യുവജനവിഭാഗം പ്രവര്‍ത്തനോദ്ഘാടനം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഏപ്രില്‍ അഞ്ചാം തീയതി വൈകിട്ട് ഏഴുമണിക്ക് വര്‍ണ്ണശബളമായി അരങ്ങേറി. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഡയറക്ടര്‍ ബിജി ഫിലിപ്പ് ഇടാട്ട് ഏവരേയും സ്റേജിലേക്ക് ആനയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നമ്മുടെ ഇടയില്‍ നിന്നും പൊലിഞ്ഞുപോയ പ്രവീണ്‍ വര്‍ഗീസിന്റേയും, ജാസ്മിന്‍ ജോസഫിന്റേയും ആത്മശാന്തിക്കുവേണ്ടി മൌന പ്രാര്‍ത്ഥന നടത്തി. ജോസ്മോനും റെയ്ച്ചലും കൂടി ആലപിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ യുവജന മേളയ്ക്ക് തുടക്കമായി.

അസോസിയേഷന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കലിന്റെ ആമുഖ പ്രസംഗത്തില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും, ഇപ്പോള്‍ തുടങ്ങുന്ന യുവജന വിഭാഗം സംഘടനയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഊന്നിപറയുകയും ചെയ്തു. പുതിയ യുവജന വഭാഗം ചെയര്‍മാന്‍ സച്ചിന്‍ സാജന്‍ ഉറുമ്പില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ സദസിന് പരിചയപ്പെടുത്തി. യുവജനവിഭാഗം സെക്രട്ടറി ജോണ്‍സി വര്‍ഗീസ് ഏവര്‍ക്കും സ്വാഗതം പറഞ്ഞു.

ഇല്ലനോയിസ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് കമ്മീഷണറും, ഫോമയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഗ്ളാഡ്സണ്‍ വര്‍ഗീസ് ഭദ്രദീപം തെളിയിച്ച് യുവജനവിഭാഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരെദോ, പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം, സ്റാന്‍ലി കളരിക്കമുറി, പീറ്റര്‍ കുളങ്ങര, ജിബിന്‍ ഈപ്പന്‍, നിക്കി നങ്ങച്ചിവീട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അമിത് ചാണ്ടി ഏവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് ഷിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് നയനമനോഹരമായ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു. നീല്‍ എടാട്ട്, ദിവ്യ രാമചന്ദ്രന്‍ എന്നിവര്‍ അവതാരകരായിരുന്നു.

അരുണ്‍ നെല്ലാമറ്റം, ഉണ്ണിക്കുട്ടന്‍, ആഷിഷ് ജോയി, ഏബ്രഹാം കളത്തില്‍കരോട്ട്, അജിന്‍ ജോയി, ആദര്‍ശ് ജയിംസ്, സിജോ ജയിംസ്, ജിബിറ്റ് കിഴക്കേക്കുറ്റ്, അജോമോന്‍ പൂത്തുറയില്‍, മനീവ് ഏബ്രഹാം, ഷാമു ഇല്ലങ്കയില്‍, ജോജി ജോസഫ് എന്നിവര്‍ നടത്തിയ അതിമനോഹരമായ ചെണ്ടമേളം സദസിനെ ആവേശഭരിതരാക്കി. മേളയിലെ മറ്റൊരു ഇനമായിരുന്ന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ജാന്‍സി നെല്ലാമറ്റം വിജയിയായി. മലബാര്‍ കേറ്ററിംഗ് ഒരുക്കിയ സ്നേഹവിരുന്നും ഏവരും ആസ്വദിച്ചു.

യുവജനമേളയുടെ വിജയത്തിനായി ചെയര്‍മാന്‍ സച്ചിന്‍ സാജന്‍ ഉറുമ്പില്‍, കോ-ചെയര്‍മാന്‍ ദിവ്യ രാമചന്ദ്രന്‍, സെക്രട്ടറി ജോണ്‍സി ജോസഫ്, ട്രഷറര്‍ അമിത് ചാണ്ടി, ജോയിന്റ് സെക്രട്ടറി മാര്‍ട്ടിന്‍ തോമസ്, ആര്‍ട്സ് കോര്‍ഡിനേറ്റര്‍ അജിന്‍ ജോയി അമ്പനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം