എന്‍എസ്എസ് കാനഡ വിഷു ആഘോഷിച്ചു
Monday, April 7, 2014 7:22 AM IST
ടൊറന്റോ: കഴിഞ്ഞ 12 വര്‍ഷമായി എന്‍എസ്എസ് കാനഡ നടത്തിവരുന്ന വിഷു ആഘോഷം ഈ വര്‍ഷവും പൂര്‍വാധികം ഭംഗിയായി ഏപ്രില്‍ അഞ്ചിന് (ശനി) ടൊറന്റോയില്‍ ആഘോഷിച്ചു.

60 ല്‍ പരം കലാകാരന്മാര്‍ പങ്കെടുത്ത വിവിധയിനം പരിപാടികളില്‍ ലാസ്യ ഭാവത്തിന്റെ മകുടോദാഹരണമായി പ്രശസ്ത കലകാരനായ ഹരിയുടെ മോഹിനിയാട്ടം മുതല്‍ ആര്‍സൂ ഹമീദിന്റെ ഭരതനാട്യം കൂടാതെ നുപുര സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച സംഘ നൃത്തങ്ങള്‍ മറ്റു വിവിധ സംഘടനകളും സ്കൂളുകളും കൂടി ഒരേ വേദി പങ്കിട്ടപ്പോള്‍ മതനിരപേക്ഷമായ കേരളത്തിന്റെ ഒരു ചെറു പതിപ്പായി മാറുകയായിരുന്നു. ഇതു നികച്ചും കാനഡയില്‍ എന്‍എസ്എസിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്നതാണ്.

ചെയര്‍മാന്‍ ശശിധരന്‍ നായരുടെ ആശംസയോടെ ആരംഭിച്ച പരിപാടികളുടെ തുടക്കം വള്ളസദ്യയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വിഭവസമൃദ്ധമായ സദ്യയോടെ ആയിരുന്നു. തുടര്‍ന്ന് വിഷുകണി ,വിഷുകൈനീട്ടം എന്നിവയ്ക്കുശേഷം ആരംഭിച്ച കലാപരിപാടികള്‍ക്ക് ഡയറക്ടര്‍ കൂടിയായ ഗായത്രി നേതൃത്വം നല്‍കി. പ്രസിഡന്റ് ഹരികുമാര്‍ നയാരുടെ ആശംസാ പ്രസംഗവും ഭദ്രദീപം തെളിക്കലും കഴിഞ്ഞതിനുശേഷം പ്രധാന പരിപാടികള്‍ക്ക് തുടക്കമായി.

30 ല്‍ പരം കുടുംബിനികള്‍ തയാര്‍ ചെയ്ത വിഭവസമൃദ്ധമായ സദ്യക്ക് ഡയറക്ടര്‍
വിജയകുമാരി നേതൃത്വം നല്‍കി. ഡയറക്ടര്‍മാരായ സുനില്‍ കുമാര്‍, പ്രദീപ് മേനോന്‍, ബാലമേനോന്‍ എന്നിവരെകൂടാതെ മറ്റനവധി വ്യക്തികളുടെ കൂട്ടായ പരിശ്രമത്തെ കാണികള്‍ ഒന്നടങ്കം പ്രശംസിച്ചു. ജാതിമത ഭേദമെന്യേ ഇത്തരം വേദികള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അഗീകാരം ആയിരുന്നു അവസാനംവരെയും കാത്തിരുന്ന നിറഞ്ഞ സദസ്.