ബഖാല ജീവനക്കാരന് കവര്‍ച്ചക്കാരന്റെ ആക്രമണത്തില്‍ പരിക്ക്
Monday, April 7, 2014 6:53 AM IST
റിയാദ്: നസീം ജില്ലയിലെ ഹൈഅല്‍സലാമില്‍ സിവില്‍ ഡിഫന്‍സ് ഓഫീസിന് സമീപമുള്ള കടയില്‍ ശനിയാഴ്ച കാലത്ത് നടന്ന അക്രമത്തില്‍ മലയാളിക്ക് പരിക്കേറ്റു. മൂന്ന് കൌമാരക്കാര്‍ വടിയും കത്തിയും സ്ക്രൂ ഡ്രൈവറുമായെത്തിയാണ് കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി പാറക്കല്‍ ഷാനവാസിനെ (35) അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

രാവിലെ എട്ടേകാലോടെ കടയിലെത്തിയ അക്രമികള്‍ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് ഷാനവാസിന്റെ തലക്കടിക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന 3000 റിയാല്‍ കവര്‍ന്ന അക്രമികള്‍ വന്ന കാറില്‍ തന്നെ കയറി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത് ഹോട്ടല്‍ നടത്തുന്ന യമനി വന്ന് പോലീസിനെ വിളിച്ചെങ്കിലും ആരേയും പിടികൂടാനായില്ല. ഷാനവാസിനെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. മനാല്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍