വാഷിംഗ്ടണില്‍ കലാ മാമാങ്കത്തിനു അണിയറ ഒരുങ്ങുന്നു
Saturday, April 5, 2014 8:12 AM IST
വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലോല്‍സവ വേദിയായ 'ടാലന്റ് ടൈമിനു'ള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ (കെഎജിഡബ്ള്യു) വര്‍ഷം തോറും കുരുന്നു കലാപ്രതിഭകളെ കണ്െടത്താനും പ്രോല്‍സാഹിപ്പിക്കാനുമായി നടത്തുന്ന കലാമല്‍സരങ്ങളില്‍ മിഡ് അറ്റ്ലാന്റിക് റീജിയണിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി മുന്നൂറോളം കുട്ടികള്‍ മാറ്റുരക്കും.

കുഞ്ഞുങ്ങള്‍ക്ക് ജന്മസിധമായ കഴിവുകളെ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുക എന്ന ഉദ്ദേശത്തോടെ കെഎജിഡബ്ള്യ തുടങ്ങിവച്ച ഈ മല്‍സരങ്ങള്‍ക്ക് അഭൂത പൂര്‍വമായ പ്രോല്‍സഹനവും പ്രാതിനിധ്യവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇക്കുറിയും കഴിഞ്ഞ വര്‍ഷങ്ങളേപ്പോലെ തന്നെ ഇരുപതില്‍ പരം കലാ വിഭാഗങ്ങള്‍ക്കു പുറമെ, സ്പെല്ലിംഗ് ബീ യിലും, ഷോര്‍ട് ഫിലിമിലും മല്‍സരങ്ങള്‍ ഉണ്ടായിരിക്കും.

ഏപ്രില്‍ അഞ്ചിന് വിര്‍ജിനിയായിലെ വിയന്നയിലുള്ള ജോയ്സ് കില്മെര്‍ മിഡില്‍ സ്കൂളില്‍ വിവിധ തരത്തിലുള്ള രചനാ മല്‍സരങ്ങളും ഏപ്രില്‍ 26 ന് മേരിലാന്‍ഡിലെ റോക്ക്വില്ലിലുള്ള യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് കാമ്പസില്‍ മറ്റു സ്റ്റേജ് മല്‍സരങ്ങളും നടത്തപ്പെടും. മല്‍സരങ്ങളില്‍ കൂടുതല്‍ പൊയന്റുകള്‍ നേടുന്ന കുട്ടികള്‍ക്ക് വാഷിംഗ്ടണ്‍ മലയാളികള്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന കലാപ്രതിഭ, കലാതിലകം സമ്മാനങ്ങളും നല്‍കപ്പെടും.

'ടാലന്റ് ടൈം ഫിനാലെ'യോടു അനുബന്ധിച്ച്, ദമ്പതികള്‍ക്കായുള്ള 'ബെസ്റ് കപ്പിള്‍' മല്‍സരവും ഇത്തവണത്തെ പ്രത്യേകതയായിരിക്കും. വിവിധ മല്‍സരങ്ങളിലേക്കുള്ള രജിസ്ട്രേഷനുകള്‍ അതിവേഗം പുരൊഗമിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്കു മല്‍സരിക്കാന്‍ വേദിയൊരുക്കുന്നതോടൊപ്പം വാഷിംഗ്ടണ്‍ മലയാളികള്‍ക്ക് മനോഹരമായ ഒരു കലാവിരുന്നു സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് പ്രസിഡന്റ് തോമസ് കുര്യന്‍, സ്വപ്ന ഷാജു, സൌമ്യ പദ്മനാഭന്‍, ഷീബ ചെറിയാന്‍, സൈമണ്‍ തോമസ് എന്നിവരുള്‍പെട്ട എന്റെര്‍ടൈന്‍മെന്റ് ടീം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം