പരിശുദ്ധ സാഖാ ഒന്നാമന്‍ ബാവായുടെ അനുസ്മരണം നടത്തി
Saturday, April 5, 2014 5:04 AM IST
ഫീനിക്സ്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും, നൂറ്റിയിരുപത്തി രണ്ടാമത്തെ പാത്രിയര്‍ക്കീസുമായിരുന്ന മാര്‍ ഇഗ്നാത്തിയോസ് സാഖാ ഒന്നാമന്‍ ബാവായുടെ അനുസ്മരണം മാര്‍ച്ച് 30-ന് ഞായറാഴ്ച ഫീനിക്സ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ നടത്തപ്പെട്ടു. പരിശുദ്ധ ബാവായ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന് വൈസ് പ്രസിഡന്റ് ജോസഫ് കെ.വി സ്വാഗതം ആശംസിച്ചു. ചെറിയാന്‍ ജേക്കബ് പരിശുദ്ധ ബാവായെക്കുറിച്ച് എഴുതിയ ഗാനവും തുടര്‍ന്ന് സുറിയാനിയിലുള്ള ഗീതങ്ങളും സണ്‍ഡേ സ്കൂള്‍ കുട്ടികളും ഗായകസംഘവും ചേര്‍ന്ന് ആലപിച്ചത് ഏവരേയും ആകര്‍ഷിച്ചു. തുടര്‍ന്ന് ട്രിസ്റി കുര്യന്‍ ഏബ്രഹാം ബാവായുടെ സാന്നിധ്യവും സ്പര്‍ശനവും നല്‍കിയ ധന്യ സ്മരണകള്‍ വിവരിക്കുകയും അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

പരിശുദ്ധ സഭയിലും ക്രൈസ്തവ ലോകത്ത് പൊതുവായും പരിശുദ്ധ ബാവാ ചെയ്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് വികാരി ഫാ. സജി മര്‍ക്കോസ് കോതകേരില്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിച്ചു. ഡമാസ്കസിലെ അദ്ദേഹത്തിന്റെ വിശുദ്ധമായ കബറിടം, സിറിയയിലെ ആഭ്യന്തരകലാപത്തിന് തിരശീലയിടുമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഫീനിക്സ് നിവാസിയും കാലിഫോര്‍ണിയ സെന്റ് ജയിംസ് സി.എസ്.ഐ പള്ളി വികാരിയുമായ റവ.ഡോ ജോര്‍ജ് ഉമ്മന് ഞായറാഴ്ചത്തെ യോഗത്തില്‍ സംബന്ധിക്കാനായില്ലെങ്കിലും മാര്‍ച്ച് 27-ന് പള്ളിയില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
ഫീനിക്സ് മാര്‍ത്തോമാ കോണ്‍ഗ്രിഗേഷനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഡോ. സൈമണ്‍ തോമസ്, സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം ചിത്രാ മാത്യു എന്നിവരും അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ഭദ്രാസന കൌണ്‍സില്‍ അംഗവും പരിശുദ്ധ ബാവായുടെ നാമത്തില്‍ നടപ്പാക്കിവരുന്ന ഭദ്രാസന പ്രൊജക്ടിന്റെ ഡയറക്ടറുമായ സാജു സ്കറിയ തന്റെ അനുഭവത്തില്‍ നിന്ന്, ബാവായുടെ മദ്ധ്യസ്ഥത ഏവര്‍ക്കും സഹായകരമാകുമെന്ന് അനുസ്മരിപ്പിച്ചു.

സണ്‍ഡേ സ്കൂള്‍ ഹെഡ്മിസ്ട്രസ് റേച്ചല്‍ കുര്യന്‍, സെന്റ് മേരീസ് വിമന്‍സ് ലീഗ് സെക്രട്ടറി മേരി ബിജു, സെന്റ് പോള്‍സ് പ്രെയര്‍ ഫെല്ലോഷിപ്പ് സെക്രട്ടറി സജീവ് പൌലോസ്, മാര്‍ ഗ്രിഗോറിയോസ് സ്റുഡന്റ്സ് ആന്‍ഡ് യംങ് അഡള്‍ട്ട്സ് അസോസിയേഷന്‍ സെക്രട്ടറി കിരണ്‍ കുര്യന്‍ എന്നിവര്‍ പരിശുദ്ധ ബാവായെ അനുസ്മരിച്ച് സംസാരിച്ചു. ഇടവക സെക്രട്ടറി ബിബിന്‍ ചാക്കോ കൃതജ്ഞത പ്രകാശിപ്പിക്കുകയും പ്രാര്‍ത്ഥനയോടെ യോഗം അവസാനിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം