മഹിമ വിഷു ആഘോഷം ഏപ്രില്‍ 19ന്
Friday, April 4, 2014 8:13 AM IST
ന്യൂയോര്‍ക്ക്: കാര്‍ഷിക കേരളത്തിന്റെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ വിഷു മയാളി ഹിന്ദു മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 ന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ ക്വീന്‍സില്‍ നടക്കുമെന്ന് പ്രസിഡന്റ് ബാഹുലേയന്‍ രാഘവനും ജനറല്‍ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍ തമ്പിയും അറിയിച്ചു.

വിപുലമായ പരിപാടികളോട് ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ബെല്‍റോസിലെ 7420 കോമണ്‍വെല്‍ത്ത് ബുളവാര്‍ഡിലുള്ള ക്വീന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍.

വിഷുക്കണി, വിഷുക്കൈനീട്ടം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികള്‍ക്കുശേഷം മഹിമ കുടുംബാംഗങ്ങളുടെ ഭവനത്തില്‍ തയാറാക്കുന്ന വിഷു സദ്യ മഹിമയുടെ പ്രത്യേകതയാണ്. സദ്യക്കുശേഷം വിവിധ കലാ സാംസ്കാരിക പരിപാടികള്‍ നടക്കും.

അഞ്ഞൂറില്‍പരം ആളുകള്‍ക്ക് ഒരുക്കുന്ന വിഷു സദ്യക്ക് ഷീജ പിള്ള, ധന്യ ദീപുദാസ്, ഹേമ ശര്‍മ്മ എന്നിവരും കലാ,സാംസ്കാരിക പരിപാടികള്‍ക്ക് രേഖാ നായര്‍, സ്മിതാ ഹരിദാസ്, ശാലിനി രാജേന്ദ്രന്‍ എന്നിവരും നേതൃത്വം നല്‍കും.

പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന വിഷു ആഘോഷത്തില്‍ എല്ലാ മഹിമ കുടുംബാംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിക്കുന്നു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍