ഞാന്‍ ഒരു കാവല്‍ക്കാരന്‍ മാത്രം: മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍
Thursday, April 3, 2014 4:51 AM IST
ബിജ്നോര്‍(ഉത്തരാഖണ്ട്): താന്‍ കര്‍ത്താവിന്റെ തോട്ടത്തിലെ എളിയ കാവല്‍ക്കാരന്‍ മാത്രമെന്ന് ബിജ്നോര്‍ രൂപത മുന്‍ ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍. ബിജ്നോറിലെ നജീബാബാദിലുള്ള സി.എം.ഐ വൈദികര്‍ നടത്തുന്ന പ്രേംധാമിലെ അന്തേവാസികള്‍ക്കൊപ്പം തന്റെ പൌരോഹിത്യ ജൂബിലി വേളയില്‍ നടത്തിയ പ്രാര്‍ഥന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് മുന്നിലെ അസംഷന്‍ ഫെറോന പള്ളിയില്‍ നിന്നും തീര്‍ഥാടനത്തിനെത്തിയ മാതൃസംഘാഗംങ്ങളാണ് ഗ്രേഷ്യന്‍ പിതാവിന്റെ ജൂബിലി ആഘോഷിക്കാന്‍ നജീബാബാദിലെത്തിയത്. ഫെറോന വികാരി ഫാ.റെന്‍സണ്‍ തെക്കനേത്ത്, ഇടവകയിലെ സി.എം.സി കോണ്‍വെന്റിലെ മദര്‍ മേഴ്സി ജോസ്, (സി.എം.സി) മാതൃസംഘം പ്രസിഡണ്ട് വല്‍സമ്മ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് ബിജ്നോര്‍ രൂപത സന്ദര്‍ശിച്ചത്. അംഗ വൈകല്യത്തോടെ ജനിച്ചവരും മരണം കാത്ത് കഴിയുന്ന അഗതികളെയുമാണ് പ്രേംധാമിലെ മലയാളി വൈദികര്‍ സംരക്ഷിക്കുന്നത്.

തന്റെ പൌരോഹിത്യ ജൂബിലി ആഘോഷമാക്കാന്‍ ആഗ്രഹിക്കാത്ത മാര്‍.ഗ്രേഷ്യന്‍ പ്രേംധാമിലെ അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ച് എളിയ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒതുക്കി. ബിജ്നോര്‍ രൂപതയുടെ സ്ഥാപക ബിഷപ്പാണ് മാര്‍.ഗ്രേഷ്യന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍ പ്രദേശിലെ ഉത്തരകാശിയിലേക്കുള്ള മാര്‍ഗ മദ്ധേയുള്ള കുന്നിന്‍ പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെട്ടിയും കിടക്കയും സ്വയം ചുമന്നെത്തിയ ദിനം ഇന്നും എനിക്കോര്‍മ്മയുണ്ട്. ഉത്തര്‍പ്രദേശ് റോഡ് വെയ്സിന്റെ ബസില്‍ വന്നിറങ്ങിയ തന്നെ സ്വീകരിക്കാന്‍ അന്നാരും ഉണ്ടായിരുന്നില്ലെന്നും തമാശരൂപേണ പിതാവ് പറഞ്ഞു. ജൂബിലി ആഘോഷങ്ങള്‍ നടത്തരുതെന്ന് നിര്‍ദ്ദേശിച്ചു അദ്ദേഹം എനിക്ക് വേണ്ടി പ്രാര്‍ഥിച്ചാല്‍ മതിയെന്നും പറഞ്ഞു..

നബിബാബാദിലെ പ്രേംധാം എന്ന അഗതികളുടെ ആശ്രമം മാര്‍ ഗ്രേഷ്യന്‍ പിതാവ് മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ്. രൂപത വൈദികര്‍ സ്വയം ഏറ്റെടുത്ത ആദ്യത്തെ ജീവകാരുണ്യ സംരംഭവും ഇതാണ്. സി.എം.ഐ വൈദീകരായ ഫാ.ബൈജു, ഫാ.ഷിബു തുണ്ടത്തില്‍, ഫാ.ബൈജു എന്നിവരണ് പ്രേംധാമിന്റെ നടത്തിപ്പുകാര്‍. 85 അന്തേവാസികളാണ് ഇവിടെയുള്ളത്. വൈകല്യത്താല്‍ ജനിച്ചതിനാല്‍ മാതാപിതാക്കളും ബന്ധുക്കളും ഉപേക്ഷിച്ച കുട്ടികളും, അനാരോഗ്യത്താലും, വൈകല്യത്താലും കഷ്ടപ്പെടുന്ന മുതിര്‍ന്ന പുരുഷന്മാരുമാണ് പ്രേംധാമിന്റെ അന്തേവാസികള്‍.

പ്രേംധാമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേവ്സ് ക്രിയേഷന്‍സ് തയാറാക്കിയ ഡോക്കുമെന്ററി -'പ്രേംധാം'- മാര്‍ ഗ്രേഷ്യന്‍ പുറത്തിറക്കി.